നവകേരളത്തിനായി പുതിയ വികസന ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ കണ്ണൂർ ജില്ലാതല പരിപാടികൾ ഏപ്രിൽ 11 മുതൽ 17 കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കും. രണ്ടാം വാർഷികാഘോഷത്തിന്റെയും അതിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മെഗാ എക്‌സിബിഷന്റെയും കണ്ണൂർ ജില്ലാതല ഉദ്ഘാടനം ഏപ്രിൽ 11 ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കൂടിയായ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, കോ ചെയർപേഴ്‌സൻ പി പി ദിവ്യ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനാവും. സംഘാടക സമിതി ജനറൽ കൺവീനറായ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ സ്വാഗതഭാഷണം നടത്തും. എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, മറ്റ് തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ മേധാവികൾ തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് ആൽമരം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോ അരങ്ങേറും.