ഇസ്രായേൽ മാതൃക പരീക്ഷിക്കുന്ന നൂറുകണക്കിന് കൃഷിയിടങ്ങൾ വരും നാളുകളിൽ കേരളത്തിൽ ഉണ്ടാകുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഇസ്രായേലിലേക്ക് കൃഷി പഠിക്കാൻ പോയ 27 അംഗ സംഘത്തിലുണ്ടായിരുന്ന യുവ കർഷകൻ സുജിത്ത് ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ അർത്തുങ്കലിലെ കൃഷിയിടത്തിൽ ഇസ്രയേലിലെ നൂതന കൃഷിരീതികൾ അവലംബിച്ച് കൃഷിയിറക്കിയതിന്റെ നടീൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരേക്കർ വരുന്ന കൃഷിയിടത്തിൽ വിവിധയിനങ്ങളിലായി 1000 ടിഷ്യുകൾച്ചർ വാഴകളാണ് സുജിത്ത് കൃഷി ചെയ്യുന്നത്.
ഇസ്രായേൽ സന്ദർശിച്ച 27 കർഷകരും, അവർ മനസ്സിലാക്കിയ കൃഷിരീതികൾ ആദ്യഘട്ടത്തിൽ സ്വന്തം കൃഷിയിടത്തിലും, ശേഷം മറ്റുള്ളവരുടെ കൃഷിയിടത്തിലും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. അതിന്റെ തുടക്കമാണ് സുജിത്തിന്റെ കൃഷിയിടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളത്തിന്റെയും വളത്തിന്റെയും ഉപയോഗം പരിമിതപ്പെടുത്തി ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിലവ് കുറച്ച് കൂടുതൽ വിളവും വരുമാനവും ലഭിക്കുന്ന തരത്തിലുള്ള ഇസ്രായേലിലെ നൂതന കൃഷിരീതി നടപ്പിലാക്കുന്നതോടെ കേരളത്തിന്റെ കാർഷികരംഗത്ത് പുത്തനുണർവ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൻറെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് കർഷകരെ കൃഷികാര്യങ്ങൾ മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനുമായി സർക്കാർ മുൻകൈയെടുത്ത് വിദേശത്ത് അയച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
റോബസ്റ്റ, ഞാലിപ്പൂവൻ, ചെമ്പൂവന്‍, , തുടങ്ങിയ വ്യത്യസ്തങ്ങളായ വാഴകളാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഇസ്രായേലിൽ ഒരു കുഴിയിൽ തന്നെ മൂന്നു വാഴവെക്കുന്ന അതെ രീതിയാണ് ഇവിടെയും. ഇടവിളയായി വെള്ളരി, കുമ്പളം, മത്തൻ തുടങ്ങിയ വ്യത്യസ്തങ്ങളായ ഇനങ്ങളും കൃഷി ചെയ്യും. വിളവെടുക്കുന്നവ ലോക്കൽ മാർക്കറ്റുകളിൽ തന്നെ ബ്രാൻഡ് ചെയ്ത് വിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കർഷകനായ സുജിത്ത് വ്യക്തമാക്കി.
ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ ,വൈസ് പ്രസിഡന്റ് നിബു എസ് പത്മം ,പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി ടി നീണ്ടിശ്ശേരി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റെജി ജി വി ,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അജിത ഓ പി ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്‌സൺ ജയറാണി ജീവൻ ,സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ദുർഗ ദാസ്, സി.ഡി.എസ് ചെയർപേഴ്‌സൺ ജയറാണി ആലീസ് വിജയൻ തുടങ്ങിയവർ പങ്കെടുത്തു. തുടങ്ങിയവർ പങ്കെടുത്തു.