കൊച്ചി: കേരളത്തിലുടനീളം ബിനാലെയുടെ ചെറിയ പതിപ്പുകള്‍ വ്യാപിപ്പിക്കുവാന്‍ ടൂറിസം വകുപ്പ് ആലോചിക്കുന്നതായി ടൂറിസം, പൊതുമരാമത്ത് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ സമാപന സമ്മേളനം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ആലപ്പുഴയില്‍ ലോകമേ തറവാട് സംഘടിപ്പിച്ചിരുന്നു. അത്തരം ചെറു പതിപ്പുകള്‍ കൊച്ചിക്ക് പുറത്തേക്ക് വ്യാപിപ്പിക്കുവാന്‍ സാധിക്കുമെന്നാണ് അനുഭവം നമ്മെ ബോധ്യപ്പെടുത്തുന്നത്. പൈതൃക സംരക്ഷണ, സംരംഭങ്ങളിലെ മാതൃകാപരമായ പരീക്ഷണങ്ങള്‍ കൂടിയാണ് ബിനാലെ. കൊവിഡിന്റെ പിടിയില്‍ നിന്നും തിരിച്ചു കയറിയ കേരള ടൂറിസത്തിന് ബിനാലെ നല്‍കുന്ന ഊര്‍ജവും ആത്മവിശ്വാസവും ചെറുതല്ലെന്നും ടൂറിസം മന്ത്രി കൂട്ടിച്ചേര്‍ത്തു.
വെനീസ് ബിനാലെക്ക് കിടപിടിക്കുന്നതായിരുന്നു കൊച്ചി മുസിരിസ് ബിനാലെയെന്ന് അഭിമാനിക്കേണ്ടുന്നതാണെന്നും നിയമ-വ്യവസായ- കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. മുണ്ട് മുറുക്കിയുടുത്തും ബിനാലെ നടത്താമെന്ന് കൊച്ചി മുസിരിസ് ബിനാലെ സംഘാടകര്‍ തെളിയിച്ചതായി മുന്‍ മന്ത്രി എം.എ ബേബി സമാപന സന്ദേശത്തില്‍ പറഞ്ഞു. അന്തരിച്ച പ്രശസ്ത കലാകാരന്‍ വിവാന്‍ സുന്ദരത്തെ അനുസ്മരിച്ചുകൊണ്ടാണ് സമാപന ചടങ്ങ് ആരംഭിച്ചത്. ചടങ്ങില്‍ അഞ്ചാം പതിപ്പിന്റെ ക്യൂറേറ്റര്‍ ഷുബിഗി റാവുവിനെ മുന്‍ മന്ത്രി എം എ ബേബി പൊന്നാടയണിച്ച് ആദരിച്ചു. ഇടം പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍മാരായ ജിജി സ്‌കറിയ, പി.എസ് ജലജ, രാധ ഗോമതി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. സമാപന ദിനമായ തിങ്കളാഴ്ച വൈകുന്നേരം അ്ഞ്ചു മണിയോടെ കൊച്ചി മുസ് രിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി മുഖ്യ വേദിയായിരുന്ന ആസ്പിന്‍വാള്‍ ഹൗസില്‍ പതാക താഴ്ത്തി.
സ്റ്റുഡന്റസ് ബിനാലെ അവാര്‍ഡുകള്‍ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു. ഇന്റര്‍നാഷണല്‍ അവാര്‍ഡിന് ആര്‍ടിസ്റ്റുകളായ എം. താംങ്ഷങ്പ, ആശിഷ് ഫല്‍ദേശായി, സെലിന്‍ ജേക്കബ് വി എന്നിവര്‍ അര്‍ഹരായി. മാലിക് ഇര്‍തിസ, ലക്ഷ്യ ഭാര്‍ഗവ എന്നിവര്‍ ദേശീയ അവാര്‍ഡിനും മായ മിമ, രോകേഷ് പാട്ടീല്‍ എന്നിവര്‍ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹരായി.
സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി പ്രൊഫ. കെ വി തോമസ്, എംഎല്‍എ കെ ജെ മാക്‌സി, ജില്ല കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പദ്മജ എസ് മേനോന്‍, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രഷറര്‍ ബോണി തോമസ് എന്നിവരും ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും ഉപദേഷ്ടാക്കളും സന്നിഹിതരായി. സമാപന സമ്മേളനത്തെ തുടര്‍ന്ന് പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ പ്രോജക്റ്റ് മലബാറിക്കസ് സംഗീത വിരുന്ന് അരങ്ങേറി.