മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഒരു മാസം നീളുന്ന ‘മഴയെത്തും മുമ്പേ മനുഷ്യ ഡ്രോണുകള്‍’ എന്ന പേരില്‍ സോഷ്യല്‍ മീഡിയ ജനകീയ ഓഡിറ്റ് സംഘടിപ്പിക്കും. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കുന്നതിന് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ‘മഴയെത്തും മുമ്പേ മനുഷ്യ ഡ്രോണുകള്‍ കൊല്ലം’ എന്ന പേരില്‍ ഫേസ്ബുക്കില്‍ പബ്ലിക് ഗ്രൂപ്പ് രൂപീകരിച്ചു. ഗ്രൂപ്പില്‍ മണ്‍സൂണ്‍ കാലം ആരംഭിക്കുന്നതിന് മുമ്പ് നിര്‍ബന്ധമായും വൃത്തിയാക്കേണ്ട ഇടങ്ങള്‍, പരിശോധിക്കേണ്ട മാലിന്യ പ്രശ്‌നങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് പോസ്റ്റ് ചെയ്യാം.

http://www.facebook.cpm/groups/251809323921457 ലിങ്ക് മുഖേന ഗ്രൂപ്പില്‍ ജോയിന്‍ ചെയ്ത് ഫോട്ടോ പോസ്റ്റ് ചെയ്യാം. ഓരോ പോസ്റ്റും പ്രത്യക്ഷപ്പെടുന്ന ദിവസം മുതല്‍ പ്രശ്‌നം പരിഹരിക്കുന്നത് വരെയുള്ള ദിവസങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൗണ്ട്ഡൗണായി കാണാന്‍ സാധിക്കും വിധം ഫേസ്ബുക്ക് ഗ്രൂപ്പില്‍ പ്രദര്‍ശിപ്പിക്കും. സമയബന്ധിതമായി പ്രശ്‌നം പരിഹരിച്ചതിന്റെ ചിത്രവും ആദ്യ ചിത്രവും തമ്മിലുള്ള വ്യത്യാസം പ്രസ്തുത തദ്ദേശ സ്ഥാപനങ്ങളുടെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ടായി പരിഗണിക്കും. വിശദവിവരങ്ങള്‍ക്ക് കൊല്ലം ജില്ലാ ശുചിത്വ മിഷനുമായി ബന്ധപ്പെടുക. ഫോണ്‍: 0474 2791910.