വിജ്ഞാന സ്വാതന്ത്ര്യ രംഗത്തെ പ്രവര്‍ത്തകരും സംഘടനകളും സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ ‘ഫ്രീഡം ഫെസ്റ്റ് 2023’ ഓഗസ്റ്റ് 12 മുതല്‍ 16 വരെ തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിക്കുന്നു. വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ ജനപക്ഷ വികസന ബദല്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാജ്യാന്തര സമ്മേളനത്തിന്റെ വെബ്‌സൈറ്റ് ഏപ്രില്‍ 13ന് വൈകീട്ട് മൂന്നിന് തിരുവനന്തപുരം പ്രസ് ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ.പി. വി. ഉണ്ണിക്കൃഷ്ണന്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ കെ. അനൂപ് അംബിക, സി-ഡിറ്റ് ഡയറക്ടര്‍ ജയരാജ്.ജി, കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത്, ഡി.എ.കെ.എഫ് ജനറല്‍ സെക്രട്ടറി ടി ഗോപകുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഫ്രീഡം ഫെസ്റ്റ് 2023ന്റെ ഭാഗമായി ഡിജിറ്റല്‍ ടെക്‌നോളജി, സ്റ്റാര്‍ട്ടപ്പുകളും ഇന്നോവേഷനുകളും, ഇന്നോവേഷനും സാമൂഹവും, മെഡിടെക്, എഡ്യൂടെക്, മീഡിയടെക്, ഇ-ഗവേണന്‍സ്, ഓപ്പണ്‍ ഹാര്‍ഡ് വെയര്‍, ടെക്‌നോ-ലീഗല്‍ ഫ്രെയിംവര്‍ക്ക്, അഗ്രിടെക്, ഫിന്‍ടെക്, ഇന്റര്‍നെറ്റ് ഗവേണന്‍സ് തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച് സെമിനാറുകളും ചര്‍ച്ചകളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.