ആദ്യദിനം സമാഹരിച്ചത്  6.25 കോടി രൂപ
 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്കുള്ള ജില്ലാതല ധനസമാഹരണ യജ്ഞം – കനിവോടെ കൊല്ലത്തിന് ആവേശകരമായ ജനപിന്തുണയോടെ തുടക്കം. കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ    നേതൃത്വത്തില്‍ ഇന്നലെ(സെപ്റ്റംബര്‍ 12) നടന്ന പരിപാടികളില്‍ നിന്ന് 6.25 കോടി  രൂപ സമാഹരിച്ചു. കരുനാഗപ്പള്ളിയില്‍ 5.38 കോടി രൂപയും പ്രളയബാധിത മേഖലയായ കുന്നത്തൂരില്‍ 87.5 ലക്ഷം രൂപയും ലഭിച്ചു.
തദ്ദേശഭരണ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സംരംഭകര്‍, സന്നദ്ധ സംഘടനകള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളില്‍നിന്നുള്ള ജനസഞ്ചയം പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള ധനസമാഹരണ യജ്ഞത്തില്‍ പങ്കാളികളാകാനെത്തി.
പ്രളയബാധിത മേഖലകളിലെ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍     നിര്‍ണായക പങ്കുവഹിച്ച കൊല്ലം ജില്ല അതിജീവനത്തിനുള്ള നാടിന്റെ പരിശ്രമത്തിലും വേറിട്ട മാതൃക സൃഷ്ടിക്കുകയാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ധനസമാഹരണത്തിന് ആമുഖമായി പറഞ്ഞു.
കെ.എം.എം.എല്‍ പ്രഖ്യാപിച്ച രണ്ടാംഘട്ട ധനസഹായമായ നാലു കോടി രൂപയുള്‍പ്പെടെയാണ് കരുനാഗപ്പള്ളിയില്‍ 5.38 കോടി രൂപ ലഭിച്ചത്. പ•ന ഗ്രാമപഞ്ചായത്ത് 30 ലക്ഷം രൂപയും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി 16 ലക്ഷം രൂപയും നല്‍കി.
കുന്നത്തൂര്‍ താലൂക്ക് ഓഫീസില്‍ നടന്ന ചടങ്ങില്‍ ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപയും മൈനാഗപ്പള്ളി, ശൂരനാട് നോര്‍ത്ത്, പോരുവഴി ഗ്രാമപഞ്ചായത്തുകള്‍ പത്തു ലക്ഷം രൂപവീതവും ശൂരനാട് സൗത്ത്, കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍ അഞ്ചു ലക്ഷം രൂപവീതവും മന്ത്രിക്ക് കൈമാറി.
കരുനാഗപ്പള്ളിയില്‍ ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, എന്‍. വിജയന്‍പിള്ള എം.എല്‍.എ , ജില്ലയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി അനില്‍ സേവ്യര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ജില്ലാ കളകടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, , മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം. ശോഭന, വൈസ് ചെയര്‍മാന്‍ രവീന്ദ്രന്‍പിള്ള, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി പിള്ള, എ.ഡി.എം. ബി. ശശികുമാര്‍, തഹസില്‍ദാര്‍ സാജിതാ ബീഗം, തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാദേവി പിള്ള, ജില്ലാ പഞ്ചായത്തംഗം കെ. ശോഭന, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. ശങ്കരപ്പിള്ള, തഹസീല്‍ദാര്‍ എഫ്. റോയികുമാര്‍, മറ്റ്  ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ. നമ്പര്‍. 2101/18)