ഗൃഹപ്രവേശച്ചടങ്ങില്‍ സംഭാവന നല്‍കിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തില്‍ പങ്കാളികളായി. ഓച്ചിറ ഐഷ ഗോള്‍ഡ് പാലസ് ഉടമ എന്‍.ഇ. സലാമാണ് ഗൃഹപ്രവേശത്തിന് ലഭിച്ച പത്തു ലക്ഷം രൂപ  നാടിന്റെ പുനര്‍നിര്‍മാണത്തിനുള്ള സര്‍ക്കാരിന്റെ യജ്ഞത്തിനുവേണ്ടി നീക്കിവച്ചത്.
ഇന്നലെ (സെപ്റ്റംബര്‍ 11) കരുനാഗപ്പള്ളി ടൗണ്‍ ക്ലബ്ബില്‍ നടന്ന കനിവോടെ കൊല്ലം പരിപാടിയില്‍ ആറു ലക്ഷം രൂപയുടെ ചെക്ക് ഇദ്ദേഹം ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കൈമാറി. പ്രളയക്കെടുതികളില്‍ പെട്ട നാലു പേര്‍ക്ക്  അന്‍പതിനായിരം രൂപ വീതം ചികിത്സാ ധനസഹായമായും ഒരു ലക്ഷം രൂപ വീതം രണ്ടു കുടുംബങ്ങള്‍ക്ക് വീടുപണി പൂര്‍ത്തീകരിക്കുന്നതിനും നേരത്തെ നല്‍കിയിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയതിനെത്തുടര്‍ന്നാണ് സംഭാവന ലഭിക്കുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചതെന്ന് സമിതിയുടെ ഓച്ചിറ മേഖലാ പ്രസിഡന്റുകൂടിയായ സലാം പറഞ്ഞു.