കേരളത്തില്‍ ഏറ്റവുമധികം തീര്‍ത്ഥാടകരെത്തുന്ന ശബരിമലയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിനുള്ള പ്രാഥമിക അനുമതികളെല്ലാം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി പൂര്‍ത്തിയാക്കിയ ആലപ്പുഴ ടൗണ്‍ റോഡ് നെറ്റ്വര്‍ക്കിന്റെയും ഏഴ് ജില്ലകളിലെ വിവിധ നിയോജകമണ്ഡലങ്ങളിലായുള്ള 18 റോഡുകളുടെ ഉദ്ഘാടനം ആലപ്പുഴ വൈ.എം.സി.എ. ക്യാമ്പസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതികള്‍ പ്രഖ്യാപിക്കുക മാത്രമല്ല, അവ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി നല്‍കുന്ന ഭരണസംസ്‌കാരമാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.രാജ്യത്ത് വാഹനപ്പെരുപ്പത്തിലും ജനസാന്ദ്രതയിലും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. നിലവില്‍ കേരളത്തിലെ റോഡുകളിലൂടെ യാത്രചെയ്യാനെടുക്കുന്ന സമയം വളരെ കൂടുതലാണ്. ഈ പരിമിതിയെ മറികടക്കാന്‍ റോഡ് വികസനത്തിലൂടെ സാധിക്കും. നാടിന്റെ വികസനത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ് നിലവാരമുള്ള റോഡ്, റെയില്‍, അടക്കമുള്ള ഗതാഗത മാര്‍ഗങ്ങള്‍. ജല, വ്യോമ ഗതാഗത മേഖലകളില്‍ ഒരുപോലെ ഇടപെട്ടുകൊണ്ടു കേരളത്തിന്റെ ഗതാഗതവികസനത്തിന് ആക്കം കൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദേശീയപാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ അയ്യായിരം കോടി രൂപ നല്‍കി കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരദേശ ഹൈവേയ്ക്കും മലയോര ഹൈവേയ്ക്കുമുള്ള പണവും കണ്ടെത്തി കഴിഞ്ഞു. കോവളം മുതല്‍ കാസകോട് ബേക്കല്‍ വരെയുള്ള ജലപാത അതിവേഗത്തില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ വൈ.എം.സി.എ. ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ഒന്നാം പിണറായി സര്‍ക്കാരില്‍ പൊതുമരാമത്ത് വകുപ്പിനെ നയിച്ച മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ നയം വളരെ ഭംഗിയായിട്ടാണ് നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു. 2021 വീണ്ടും അധികാരത്തില്‍ വന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഈ പ്രവൃത്തിയെല്ലാം തുടര്‍ച്ചയെന്നോണം ഏറ്റെടുത്ത് നടപ്പാക്കി വരികയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന ഘട്ടത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് 100 പാലങ്ങളുടെ പ്രവൃത്തി പൂര്‍ത്തിയാക്കണം എന്നായിരുന്നു ലക്ഷ്യം. ആദ്യ മൂന്നു വര്‍ഷം കൊണ്ട് തന്നെ 50 പാലങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ലക്ഷ്യം വെച്ചു. എന്നല്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ 52 പാലങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് പൂര്‍ത്തിയാക്കാനായി- മന്ത്രി പറഞ്ഞു.

മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ് എന്നിവര്‍ മുഖ്യാതിഥികളായി. എ.എം. ആരിഫ് എം.പി, എം.എല്‍.എ.മാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യ രാജ്, ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍, കൗണ്‍സിലര്‍മാരായ ബിന്ദു തോമസ്, കെ.എസ്. ജയന്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എന്‍ജിനീയര്‍ അജിത്ത് രാമചന്ദ്രന്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. അനില്‍കുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എറണാകുളം ജില്ലയിലെ ആറും കൊല്ലം ജില്ലയിലെ മൂന്നും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ രണ്ടും കോട്ടയം ജില്ലയിലെ ഒന്നും വിതം റോഡുകളാണ് ഉദ്ഘാടനം ചെയ്തത്. 47 കോടിയോളം രൂപ ചിലവിട്ടാണ് ഈ റോഡുകള്‍ നിര്‍മിച്ചിത്. ബി.എം. ആന്റ് ബി.സി. നിലവാരത്തില്‍ 10 കോടി ചെലവിലാണ് ആലപ്പുഴ ടൗണ്‍ റോഡ് നെറ്റ്‌വര്‍ക്ക് നിര്‍മിച്ചത്. ബാപ്പു വൈദ്യര്‍- ബീച്ച് റോഡ് (880 മീറ്റര്‍) , ഇന്‍ഫന്റ്- ശാസ്ത്രിമുക്ക് റോഡ് (400 മീറ്റര്‍), ഡിങ്ക്‌ളിന്‍ ജംഗ്ഷന്‍ – വിസ്മയ ജംഗ്ഷന്‍ റോഡ് (397 മീറ്റര്‍), കാളാത്ത് പാട്ടമുക്ക് റോഡ് (1014 മീറ്റര്‍), സെന്റ് മേരിസ് സ്‌കൂള്‍- ഗാന്ധി ജംഗ്ഷന്‍ റോഡ് (525 മീറ്റര്‍), വഴിച്ചേരി മാര്‍ക്കറ്റ് റോഡ് (280 മീറ്റര്‍), തുമ്പോളി ജംഗ്ഷന്‍- പൂന്തോപ്പ് പള്ളി റോഡ് (620 മീറ്റര്‍), പ്രൊവിഡന്‍സ് ഹോസ്പിറ്റല്‍ എ.എസ് കനാല്‍ റോഡ് (145 മീറ്റര്‍) എന്നീ റോഡുകളാണ് പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ചത്.