നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി ആർദ്രം മിഷൻ മുഖേന ഗുണനിലവാര വർധനയ്ക്കാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതുജനാരോഗ്യം, ചികിത്സ, സർക്കാർ സേവനം എന്നിവയിലെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു ലോകാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാർ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നവകേരളം കർമ്മപദ്ധതി രണ്ടിന്റെ ഭാഗമായി സബ് സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. 5413 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ഇതിന്റെ ഭാഗമായി സ്ഥാപിക്കും. ഇതിന്റെ ഭാഗമായി ജനകീയ ക്ലബ്ബുകൾ സ്ഥാപിക്കും. ജനകീയ ക്ലബ്ബുകളിലൂടെ പ്രദേശത്തെ ആളുകളുടെ ആരോഗ്യ വിവരങ്ങൾ ശേഖരിച്ച് ചികിത്സ ഉറപ്പാക്കും. ജനകീയ പങ്കാളിത്തത്തോടെയുള്ള ആരോഗ്യ പ്രവർത്തനങ്ങളാണ് ഇതിലൂടെ നടക്കുക എന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ഏറ്റവും പ്രധാന പ്രശ്‌നം ജീവിതശൈലി രോഗമാണ്. ജീവിതശൈലി രോഗപ്രതിരോധം തടയുന്നതുമായി ബന്ധപ്പെട്ടു നടത്തിയ വാർഷിക പരിശോധനയുടെ ഭാഗമായി ഒരു കോടി 75 ലക്ഷം പേരെ പരിശോധിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. അതിൽ ഒരു കോടി 11 ലക്ഷം ആളുകളെ പരിശോധിക്കാൻ ഇതുവരെ സാധിച്ചതായും മന്ത്രി പറഞ്ഞു. ക്യാൻസർ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും ക്യാൻസർ ഗ്രിഡ് രൂപീകരിച്ചിട്ടുണ്ട്. കേരളത്തിൽ ജീവിതശൈലി രോഗങ്ങൾ കുറയ്ക്കാൻ തുടർ പ്രവർത്തനങ്ങൾ ആവശ്യമാണ്. ആരോഗ്യത്തിൽ മാനസിക ആരോഗ്യവും ഉറപ്പുവരുത്തണം. മാനസിക ആരോഗ്യം എന്നത് മാനസിക പ്രശ്‌നങ്ങൾ ഇല്ലാതിരിക്കുക മാത്രമല്ല എന്നും മനസ്സിന്റെ ആരോഗ്യം കൂടി കണക്കാക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിലവിൽ കോവിഡ് കേസുകൾ ഉയരുന്നുണ്ടെന്നും എന്നാൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ കുറവാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇക്കാര്യം സൂക്ഷ്മതയോടെയും ജാഗ്രതയോടെയും ആണ് ആരോഗ്യവകുപ്പ് കാണുന്നത്. ഗർഭിണികൾ, കിടപ്പ് രോഗികൾ, കുഞ്ഞുങ്ങൾ, ജീവിതശൈലി രോഗമുള്ളവർ എന്നിവർക്ക് പ്രത്യേകം ശ്രദ്ധയും കരുതലും വേണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ റീന കെ. ജെ., വലിയശാല ഡിവിഷൻ കൗൺസിലർ കൃഷ്ണകുമാർ എസ്., അഡിഷണൽ ഡയറക്ടർ മെഡിക്കൽ ഡോ. കെ.വി നന്ദകുമാർ, അഡിഷണൽ ഡയറക്ടർ കുടുംബക്ഷേമം ഡോ. മീനാക്ഷി വി., അഡിഷണൽ ഡയറക്ടർ പൊതുജനാരോഗ്യം ഡോ. സക്കീന കെ., ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശാ വിജയൻ, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, അഡിഷണൽ ഡിഎംഒ ഡോ. അനിൽകുമാർ എൽ., അഡീഷണൽ ഡിഎംഒ ഡോ. സി.ആർ. ജയശങ്കർ തുടങ്ങിയവർ പങ്കെടുത്തു.