തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങളില്‍ നിന്നും ബുധനാഴ്ച (സെപ്തംബര്‍ 12) മാത്രം ശേഖരിച്ച വിഭവ സമാഹരണം ഒരു കോടി രൂപ. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്കൂളുകളില്‍ നിന്നും പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമാണ് തുക സമാഹരിച്ചത്. 1300 സ്കൂളുകളില്‍ നിന്നുള്ള വിഭവ സമാഹരണം വ്യാഴാഴ്ചയും (സെപ്തംബര്‍ 13) തുടരുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം അറിയിച്ചു. സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അക്കൗണ്ടിലേക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിഭവ സമാഹരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പുതുക്കാട് ചെങ്ങാലൂര്‍ സെന്‍റ് മേരീസ് ഹൈസ്ക്കൂളില്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച 10950 രൂപ മന്ത്രി ഏറ്റുവാങ്ങി. സ്ക്കൂള്‍ മനേജര്‍ ഫാദര്‍ മാത്യു ചാക്കേരി, പ്രധാനാധ്യാപകന്‍ ബാബുജോസ് തട്ടില്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വി. ജെന്‍സന്‍, മേഴ്സി സി. ജോണ്‍, ജയപ്രകാശ് മാസ്റ്റര്‍, ഫാദര്‍ ജോമണ്‍ ഇമ്മട്ടി, സജിത്ത് കോമക്കാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഗവ. എല്‍. പി. സ്ക്കൂള്‍ ചെങ്ങാലൂര്‍, ചെങ്ങാലൂര്‍ ഓട്ടിസം സ്ക്കൂള്‍ എന്നിവിടങ്ങളില്‍ നിന്നും മന്ത്രി വിഭവസമാഹരണം ഏറ്റുവാങ്ങി.
