ആലപ്പുഴ:സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ലോക ബാങ്കിന്റെ പ്രതിനിധി സംഘം ബുധനാഴ്ച ജില്ലയുടെ വിവിധ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ജില്ലാ കളക്ടറുടെ ചുമതലയുള്ള ഗ്രാമ വികസന സെക്രട്ടറി എൻ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഗസ്റ്റ് ഹൗസിൽ സംഘത്തെ സ്വീകരിച്ചു. തുടർന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ സംഘം പങ്കെടുത്തു. ജില്ലാകളക്ടറും സബ്കളക്ടറും ചേർന്ന് ജില്ലയിലെ നിലവിലെ സ്ഥിതി സംഘത്തെ ബോധ്യപ്പെടുത്തി. വിവിധ വകുപ്പു മേധാവികൾ പ്രളയത്തിൽ തങ്ങളുടെ വകുപ്പിന് കീഴിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ലോകബാങ്ക് സംഘത്തിനു മുന്നിൽ അവതരിപ്പിച്ചു. വീടുകളുടെ നാശനഷ്ടം ഒഴിവാക്കിയാൽ 3690.49 കോടി രൂപയുടെ നഷ്ടമാണ് വിവിധ വകുപ്പുകൾ സംഘത്തിന് മുമ്പിൽ അവതരിപ്പിച്ചത്. പ്രളയത്തിൽ അകപ്പെട്ട വീടുകൾക്ക് ഉണ്ടായ നാശങ്ങൾ ഒഴിവാക്കിയുള്ള തുകയാണിത്. പത്തംഗ സംഘമാണ് ലോകബാങ്ക്, ഏഷ്യൻ ഡെവലപ്മെന്റൽ ബാങ്ക് എന്നിവിടങ്ങളിൽ നിന്നും ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി എത്തിയത്.
അവലോകന യോഗത്തിനു ശേഷം സബ് കലക്ടർ കൃഷ്ണതേജയുടെ നേതൃത്വത്തിൽ സംഘം കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. കൈനകരി പഞ്ചായത്തിലെ കുപ്പപ്പുറം പ്രാഥമികാരോഗ്യകേന്ദ്രം, കനകശ്ശേരി പാടശേഖരം, മട വീഴ്ചയുണ്ടായ സ്ഥലങ്ങൾ, പനക്കൽ ചിറ, മീനപ്പള്ളി കായൽ, ആറുബങ്ക് പാടശേഖരം, ഇരുമ്പനം എന്നിവിടങ്ങളിലാണ് ആദ്യം സംഘം സന്ദർശനം നടത്തിയത്. ബാങ്ക് പ്രതിനിധികളായ വിനായക് ഘട്ടാട്ടേ, യെഷിക മാലിക്, ദീപാ ബാലകൃഷ്ണൻ, പീയൂഷ് സെക്സരിയാ, അലോക് ഭരദ്വാജ്, ടുലാൽ ചന്ദ്ര ശർമ, അശോക് ശ്രിവാസ്തവാ, പ്രിയങ്ക ദിസ്സനായകേ, പി.കെ. കുര്യൻ, ജയകുമാർ എന്നിവരാണ് സംഘത്തിലുള്ളത്. കുട്ടനാട്ടിലെ സന്ദർശനത്തിന് ശേഷം സംഘം ചെങ്ങന്നൂരിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
പൊതു കെട്ടിടങ്ങൾക്ക് 217.2094 കോടി, റോഡുകൾ പാലങ്ങൾ 1230.63, നഗരത്തിലെ ഓടകൾ, മറ്റു സൗകര്യങ്ങൾ 11.55 കോടി, റൂറൽ ഇൻഫ്രാസ്ട്രെക്ചർ 117.71 കോടി, ജലസ്രോതസ്സുകൾ (ഇറിഗേഷൻ വിഭാഗം) 337.02 കോടി, ഫിഷറീസ്, ടൂറിസം മേഖലകളിലെ ജീവനോപാധികളുടെ നഷ്ടം 234.189 കോടി, കൃഷിയും കന്നുകാലി മേഖലയിലെ 1536.964 കോടി, വൈദ്യുതി വകുപ്പ് 5.22 കോടി എന്നിങ്ങനെയാണ് നാശനഷ്ടക്കണക്ക് അവർക്ക് മുമ്പിൽ വച്ചത്.
എ.സി റോഡിന്റെ അവസ്ഥ, മങ്കൊമ്പ്, കാവാലം എന്നിവിടങ്ങളിൽ വെള്ളം കയറിയ സ്ഥലം, മട പൊട്ടിയ പാടശേഖരങ്ങൾ എന്നിവയും സംഘം സന്ദർശിച്ചു. വീടുകളിൽ വെള്ളം കയറിയതിന്റെ അടയാളങ്ങൾ പരിശോധിച്ചു. പ്രളയത്തിൽ അകപ്പെട്ട വീടുകളുടെ കേടുപാടുകളും വെള്ളം കയറി നശിച്ച ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ, വാഷിംഗ് മെഷീൻ, കട്ടിൽ, മെത്ത, സോഫ എന്നിവയും പരിശോധിച്ചു. നീരേറ്റുപുറം ഹൈസ്‌കൂളിലേക്കു ഉള്ള വഴി ഇടിഞ്ഞതും സംഘം കണ്ടു. പ്രളയത്തിൽ തകർന്ന തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു. വെള്ളത്തിലകപ്പെട്ട ഇവിടുത്തെ രേഖകൾ, കംപ്യൂട്ടറുകൾ, കസേരകൾ, ഇലക്ട്രിക്ക് ഉപകരണങ്ങൾ, വയറിങ് മുതലായവ പൂർണമായും നശിച്ചത് സംഘത്തിന് ബോധ്യമായി. പ്രളയത്തിൽ അകപ്പെട്ട് നശിച്ച വാഴ കൃഷി സംഘം പരിശോധിച്ചു. പ്രയാർ എന്ന സ്ഥാലത്തെ കൃഷി നാശമാണ് വിലയിരുത്തിയത്. നാക്കട കുത്തിയതോട് പാലത്തിന് അടിയിൽ അടിഞ്ഞു കൂടിയ മരങ്ങൾ, മറ്റു മാലിന്യങ്ങൾ എന്നിവ പരിശോധിച്ചു.
പാണ്ടനാട് നോർത്തിൽ പ്രളയത്തിൽ അകപ്പെട്ട നശിച്ചുപോയ ജാതി കൃഷിയും കണ്ടു. ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ലോകബാങ്ക് സംഘത്തിന് ജില്ലാ ഭരണ കൂടത്തിന്റെ ഭാഗത്തു നിന്നും വളരെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരുന്നതെന്ന് വിനായക് ഖട്ടാട്ടെ പറഞ്ഞു. കുട്ടനാട്, ചെങ്ങന്നൂർ ഉൾപ്പെടെയുള്ള ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ പോയി നാശനഷ്ടങ്ങൾ നേരിട് കാണാനും വിലയിരുത്താനും സാധിച്ചു. കാര്യക്ഷമമായി പ്രശ്‌നങ്ങൾ അടുത്തറിയാൻ വേണ്ട എല്ലാ സഹായവും ലഭിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി.