‘എനിക്ക് ഒരു സെന്റ് ഭൂമിയും അതിലൊരു ഷെഡും ഉണ്ട്. അതില്ലാത്തവര്‍ അഭയാര്‍ത്ഥികളെപ്പോലെ കഴിയുമ്പോള്‍ സമാധാനമായി ഉറങ്ങാന്‍ കഴിയില്ല.’ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വീട്ടുജോലിയെടുത്ത് കിട്ടിയ 1000 രൂപ കൈമാറിയ ശേഷം ചേളന്നൂര്‍ സ്വദേശിനി സഫിയ പറഞ്ഞു. വിഭവസമാഹരണത്തിനായി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ബന്ധുവായ സൈനബക്കൊപ്പം എത്തിയാണ് സഫിയ തുക മന്ത്രി ടി.പി രാമകൃഷ്ണന് കൈമാറിയത്. ആകെയുള്ള ഒരുസെന്റ് ഭൂമിയില്‍ മകനും മരുമകള്‍ക്കും മൂന്ന് കൊച്ചുമക്കള്‍ക്കും ഒപ്പമാണ് സഫിയ താമസിക്കുന്നത്. സ്വന്തമായി അടച്ചുറപ്പുള്ള വീടു വേണം എന്ന് ആഗ്രഹമുണ്ടെങ്കിലും കിട്ടുന്ന തുച്ഛമായ വരുമാനം ഉണ്ണാനും ഉടുക്കാനും ഇല്ലാത്തവര്‍ക്ക് വേണ്ടി നല്‍കാറാണ് പതിവ്. അതുകൊണ്ടു തന്നെ സമ്പാദ്യമായി ഒന്നുമില്ല. തൈറോയ്ഡും മറ്റ് അസുഖങ്ങളും അലട്ടുന്നുണ്ടെങ്കിലും ജീവിതത്തോട് പൊരുതാന്‍ തന്നെയാണ് സഫിയയുടെ തീരുമാനം. പതിനാല് വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയപ്പോള്‍ നാല് മക്കളെ വളര്‍ത്തിയതും വീട്ടുജോലി ചെയ്തു തന്നെ. എന്നാല്‍ ഒരിടത്തും സ്ഥിരമായി ജോലി ഉണ്ടാവാറില്ല. ചെയ്യാന്‍ കഴിയും എന്ന് ഉറപ്പുള്ളതാണെങ്കില്‍ ആര് ജോലി തന്നാലും സ്വീകരിക്കാറുണ്ടെന്നും സഫിയ പറഞ്ഞു. കഴിക്കാനും ഉടുക്കാനും ഉള്ളപ്പോള്‍ അധികം ലഭിക്കുന്ന ഒരു രൂപ പോലും തനിക്ക് അവകാശപ്പെട്ടതല്ലെന്നും അത് ആവശ്യമുള്ള ഒരുപാടുപേര്‍ തനിക്കു ചുറ്റിലും ഉണ്ടെന്നും അവര്‍ പറഞ്ഞു.
