സംസ്ഥാനത്തെ 94 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കിയ ജനകീയ ജലബജറ്റ് പ്രകാശനവും ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘ഇനി ഞാനൊഴുകട്ടെ’ നീർച്ചാൽ വീണ്ടെടുപ്പ് മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനവും നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിൽ രാവിലെ 10.30 നാണ് ചടങ്ങുകൾ.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറു ദിന കർമ പരിപാടിയുടെ ഭാഗമായിട്ടാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഐ.എ.എസ്. ജലബജറ്റ് ഏറ്റുവാങ്ങും. നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മറ്റ് വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ സംസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുള്ള ‘ഇനി ഞാനൊഴുകട്ടെ’ മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. പശ്ചിമഘട്ട പ്രദേശങ്ങളിലെ  നീർച്ചാൽ വീണ്ടെടുപ്പ് കൂടി  ഉൾപ്പെടുത്തിയാണ് മൂന്നാംഘട്ടം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി നടത്തിയ ജനകീയ മാപത്തോൺ മാപിംഗ് സംബന്ധിച്ച പുസ്തക പ്രകാശനവും ചടങ്ങിൽ നടക്കും.

തിരഞ്ഞെടുത്ത 15 ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്തുകളിൽ നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജനകീയ പങ്കാളിത്തത്തോടെയാണ് ജലബജറ്റ് തയ്യാറാക്കിയത്. രാജ്യത്താദ്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ജനകീയ ജലബജറ്റിന് രൂപം നൽകിയത്.

നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ, CWRDM സീനിയർ സയന്റിസ്റ്റ് (റിട്ട.) സുശാന്ത് സി.എം., ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഐ.എ.എസ്, കേരള സ്റ്റേറ്റ് ഐ.ടി മിഷൻ ഡയറക്ടർ അനുകുമാരി ഐ.എ.എസ്, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എം.കൃഷ്ണൻ, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. സുരേഷ്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ്. ഐ.എ.എസ്, ഭൂജല വകുപ്പ് ഡയറക്ടർ ജോൺ. വി. സാമുവൽ ഐ.എ.എസ്, ജല വിഭവ വകുപ്പ് ചീഫ് എഞ്ചിനീയർ പ്രിയേഷ് ആർ, CWRDM എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ, നവകേരളം കർമപദ്ധതി അസി. കോർഡിനേറ്റർ ടി.പി. സുധാകരൻ എന്നിവർ പങ്കെടുക്കും. ഹരിതകേരളം മിഷൻ അസി. കോർഡിനേറ്റർ എബ്രഹാം കോശി ബ്ലോക്ക് പഞ്ചായത്തുകളുടെ അവതരണം നടക്കുന്ന സാങ്കേതിക സെഷനിൽ മോഡറേറ്ററാകും.