സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂർ ഗവ. ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു.

കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതോടെ ആശുപത്രിയിലെ ഒ.പി സേവനം രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ഉണ്ടാകും. ഡോക്ടർമാരുടെയും നേഴ്‌സുമാരുടെയും അധിക സേവനവും ലഭ്യമാകും. ലാബ് സേവനങ്ങൾ, ജീവിതശൈലി രോഗനിര്‍ണയ നിയന്ത്രണ ക്ലിനിക്കുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവിടെ ലഭിക്കും.

കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എ.എം ബഷീർ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി.എം മജീദ്‌, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശോഭ വിനയൻ, ജില്ലാ പഞ്ചായത്തംഗം റഷീദ സലീം, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം.എം അലി, മൃദുല ജനാർദ്ദനൻ, എൻ.ബി ജമാൽ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ എം.എ മുഹമ്മദ്‌, അനു വിജയനാഥ്‌, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നിഖിലേഷ് മേനോൻ, പഞ്ചായത്ത്‌ അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.