പൂർണമായും ‘കാർബൺ ന്യൂട്രൽ’ പഞ്ചായത്തായി മാറാനുള്ള ഒരുക്കത്തിലാണ് ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത്. അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും സ്വാംശീകരണവും തുല്യമാക്കുന്ന ഈ പദ്ധതിക്കായി 35 പ്രോജക്ടുകൾ ഭരണസമിതി തയ്യാറാക്കിയിട്ടുണ്ട്.

കണ്ണൂർ ഗവ: എഞ്ചിനീയറിംഗ് കോളേജിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഡിപിആർ തയ്യാറാക്കുന്നതിന് കണ്ണൂർ ഗവ: എഞ്ചിനീയറിംഗ് കോളേജുമായി ധാരണാപത്രം ഒപ്പുവച്ചു.

മെയ് പകുതിയോടു കൂടി ബേസ് ലൈൻ സർവ്വേ പൂർത്തിയാക്കും. തുടർന്ന് ഡിപിആർ തയ്യാറാക്കി തുടർ പ്രവർത്തനങ്ങളിലേക്ക് കടക്കും. പുതിയ നാഷണൽ ഹൈവേ പൂർത്തിയാകുന്നതോടെ ഇതു വഴിയുള്ള വാഹനഗതാഗതം വർദ്ധിക്കുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കൂടി പരിഗണിച്ചാകും ഡിപിആർ തയ്യാറാക്കുക. പ്രാഥമിക പ്രവർത്തനങ്ങൾക്കായി മൂന്ന് ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്.

നെറ്റ് സീറോ എമിഷൻ എന്ന ലക്ഷ്യത്തിലെത്താനുള്ള പഞ്ചായത്തിന്റെ കുതിപ്പിന് ഊർജ്ജം പകരുന്ന വിധത്തിലാണ് ഈ വർഷത്തെ ബജറ്റിൽ പദ്ധതികൾ വിഭാവനം ചെയ്തിട്ടുള്ളത്. ബേസ് ലൈൻ സർവ്വേയ്ക്ക് ശേഷം തയ്യാറാക്കുന്ന ഡിപിആറിൻ്റെ അടിസ്ഥാനത്തിൽ വരും വർഷങ്ങളിൽ പുതിയ പദ്ധതികൾ ഏറ്റെടുക്കാനും നിലവിലുള്ള പദ്ധതികൾ പുന:ക്രമീകരിക്കാനും പഞ്ചായത്ത് ആലോചിക്കുന്നുണ്ടെന്ന് പ്രസിഡൻ്റ് ശാന്തിനി ഗോപകുമാർ പറഞ്ഞു.