എളങ്കുന്നപ്പുഴ സൗത്ത് പുതുവൈപ്പ് രംഗകല വെസ്റ്റ് റോഡ് ആധുനിക മാനദണ്ഡങ്ങൾക്കനുസൃതം പുനർനിർമ്മിച്ച് നാടിനു സമർപ്പിച്ചു. കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ റോഡ് ഗതാഗതത്തിനു തുറന്നു നൽകി.

കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ.യുടെ നിയോജകമണ്ഡല ആസ്‌തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 20,30,000 രൂപ ചെലവിട്ടാണ് രംഗകല ബസ്‌സ്റ്റോപ്പ് മുതൽ പടിഞ്ഞാറേക്ക് 246 മീറ്റർ ദൈർഘ്യത്തിൽ റോഡ് നിർമ്മിച്ചത്. റോഡില്‍ ഡ്രെയ്നേജ് സംവിധാനവും കവര്‍ സ്ലാബും ഉണ്ട്. ഇതോടെ യാത്രാക്ലേശത്തിനും വെള്ളക്കെട്ടിനും പരിഹാരമായി. തദ്ദേശ സ്ഥാപന എഞ്ചിനീയറിംഗ് വിഭാഗമാണ് റോഡ് നിർമ്മാണ മേൽനോട്ട ചുമതല നിർവ്വഹിച്ചത്.

ബ്ലോക്ക് പഞ്ചായത്തംഗം ക്ലാര സൈമണ്‍ അധ്യക്ഷയായ ചടങ്ങിൽ പഞ്ചായത്തംഗം ഷീജ രജു, അഡ്വ. സുജന്‍ കണിച്ചാടന്‍, എം.പി പ്രശോഭ് എന്നിവർ പങ്കെടുത്തു.