പൊതു വിദ്യാഭ്യാസ മേഖലയിൽ കേരളം രാജ്യത്തിനു മാതൃകയാണെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌. വിലങ്ങ് ഗവ. യു. പി. സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടർ. വിദ്യാർത്ഥികളെ നല്ല പൗരന്മാരാക്കുന്നതിൽ പ്രൈമറി ക്ലാസുകൾ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. പി.വി.ശ്രീനിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളിലായി 109 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ രണ്ടു നിലകളിലായി 16 ക്ലാസ്സ്‌ മുറികളും ശുചിമുറികളും സ്റ്റോറൂമുകളും പാചക പുരയും ഉണ്ട്.

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻ്റ് അൻവർ അലി, ഗ്രാമപഞ്ചായത്തംഗം അസ്മ അലിയാർ, ഹെഡ്മിസ്ട്രസ് സി.സി അജിത, മുൻ പഞ്ചായത്ത് പ്രസിഡൻറ് എം.കെ അനിൽകുമാർ, പി.ടി.എ ഭാരവാഹികൾ, വിവിധ രാഷ്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.