വയനാട്: രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമെന്ന ബഹുമതി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്. സര്‍ക്കാര്‍ ആശുപത്രികളുടെ ഗുണനിലവാരം പരിശോധിച്ച് ദേശീയതലത്തില്‍ നല്‍കുന്ന ഏറ്റവും വലിയ അംഗീകാരമായ നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) സര്‍ട്ടിഫിക്കറ്റ് 98 ശതമാനം മാര്‍ക്ക് നേടിയാണ് നൂല്‍പ്പുഴ ആശുപത്രി നേടിയത്. മെഡിക്കല്‍ ഓഫിസര്‍ ഡോ. ദാഹര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ മികച്ച രീതിയില്‍ അത്യാധുനിക ചികില്‍സ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഈ സ്ഥാപനത്തിന് മറ്റൊരു പൊന്‍തൂവലാണ് ഈ അംഗീകാരം. സംസ്ഥാന തലത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വയനാട്ടിലെ നൂല്‍പ്പുഴ പഞ്ചായത്തിന്റെ നാലില്‍ മൂന്നു ഭാഗവും വനപ്രദേശമാണ്. ജനസംഖ്യയുടെ പകുതിയോളം ആദിവാസി വിഭാഗത്തില്‍പ്പെട്ടവരും. വനത്തിനോടും വന്യജീവികളോടും പൊരുതി ജീവിക്കുന്ന അവരുടെ ഏക ആതുരാശ്രയമാണ് ഈ ആശുപത്രി.

എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മാതൃകയായ ഈ സ്ഥാപനത്തിന്റെ വികസനത്തിന് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത് നൂല്‍പ്പുഴ ഗ്രാമപഞ്ചായത്താണ്. പ്രസിഡന്റ് ശോഭന്‍കുമാറിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണസമിതി മൂന്നു സാമ്പത്തിക വര്‍ഷമായി ഏകദേശം ഒന്നര കോടിയോളം രൂപ തനതു ഫണ്ടില്‍ നിന്ന് ആശുപത്രി വികസനത്തിന് അനുവദിച്ചു. കൂടാതെ 13 ലക്ഷം രൂപ എന്‍.എച്ച്.എമ്മില്‍ നിന്നും ലഭ്യമായി. സംസ്ഥാനത്ത് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇ-ഹെല്‍ത്ത് സംവിധാനം നടപ്പാക്കിയിട്ടുള്ള ഏക ആശുപത്രിയാണ് നൂല്‍പ്പുഴ. ബാര്‍കോഡ് കൂടിയുള്ള ഏകീകൃത ഒ.പി ടിക്കറ്റ്, പ്രീ ചെക്കപ്പ്, ഇലക്ട്രോണിക് ഡിസ്‌പ്ലേ, രോഗികളുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കിയോസ്‌ക് സിസ്റ്റം എന്നിവ ഇ-ഹെല്‍ത്തിന്റെ മുഖമുദ്രയാണ്. നൂതന പദ്ധതിയുടെ ഭാഗമായി ടെലി മെഡിസിന്‍ യൂണിറ്റും ആരംഭിച്ചിട്ടുണ്ട്. എല്ലാ ബുധനാഴ്ചയും മാനന്തവാടി ജില്ലാ ആശുപത്രിയിലെ ത്വക്ക്‌രോഗ വിദഗ്ധന്‍ ഡോ. അമല്‍ ശ്യാമിന്റെ സേവനം ഇതിലൂടെ രോഗികള്‍ക്ക് ലഭ്യമാവുന്നു. നൂല്‍പ്പുഴ പഞ്ചായത്തിലെ ആദിവാസി ഗര്‍ഭിണികള്‍ക്കായി ഡോ. മേഴ്‌സി, സുല്‍ത്താന്‍ ബത്തേരി വിനായക ആശുപത്രിയിലെ ഡോ. ഓമന എന്നിവരുടെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രികളിലെ ഗൈനക്കോളജിസ്റ്റുകളുടെ സേവനവും ഇവിടെ ലഭ്യമാക്കുന്നു. എല്ലാ മാസവും ഒമ്പതിന് നടത്തുന്ന ഈ പരിപാടിക്കായി തുക അനുവദിക്കുന്നത് ജില്ലാ പട്ടികവര്‍ഗ വികസന വകുപ്പാണ്.

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പരിശോധന മുറി, 25 ലക്ഷം രൂപ മുടക്കി നവീകരിച്ച ലബോറട്ടറി, ശീതീകരിച്ച ഫാര്‍മസി, പ്രൈമറി-സെക്കന്‍ഡറി വെയ്റ്റിംഗ് ഏരിയ, നവീകരിച്ച വാര്‍ഡ്, കുട്ടികളുടെ ഉല്ലാസത്തിനായി പാര്‍ക്ക്, സ്ത്രീകള്‍ക്കായി നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍, ഷീ-ടോയ്‌ലറ്റ് തുടങ്ങിയവയെല്ലാം ഈ ആശുപത്രിയിലുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ വൈദ്യസഹായം ലഭ്യമാക്കുന്നതിനായി ഡെഫിബ്രിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എന്‍.ക്യു.എ.എസ് സര്‍ട്ടിഫിക്കറ്റ് നേടുന്നതിന്റെ ഭാഗമായി മെഡിക്കല്‍ ഓഫിസര്‍ ഡോ. ദാഹര്‍ മുഹമ്മദ്, നോഡല്‍ ഓഫിസര്‍ ഡോ. ലിപ്‌സി, ഇന്‍ ചാര്‍ജ് സ്റ്റാഫ് നഴ്‌സ് ട്വിങ്കിള്‍, ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ ജോജിന്‍, ബയോമെഡിക്കല്‍ എന്‍ജിനീയര്‍ സപ്‌ന എന്നിവരുടെ മേല്‍നോട്ടത്തില്‍ ജീവനക്കാര്‍ നാലു വിഭാഗമായി തിരിഞ്ഞാണ് പ്രവര്‍ത്തിച്ചത്. ഒപി, ഐപി വിഭാഗങ്ങള്‍ ഡോ. സിബിയുടെയും ഫാര്‍മസി, ലാബ് വിഭാഗങ്ങള്‍ ഡോ. സജ്‌നയുടെയും ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡോ. ദാഹര്‍ മുഹമ്മദിന്റെയും പൊതുജനാരോഗ്യ വിഭാഗം ഡോ. ലിപ്‌സിയുടെയും നേതൃത്വത്തിലായിരുന്നു. എല്ലാ വിഭാഗം ജീവനക്കാരുടെയും കഠിന പരിശ്രമത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലമാണ് ഈ നേട്ടമെന്നു മെഡിക്കല്‍ ഓഫിസര്‍ ഡോ. ദാഹര്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. എല്ലാ സഹായങ്ങളും നല്‍കിയ ഡി.എം.ഒ ഡോ. ആര്‍ രേണുക, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അഭിലാഷ്, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. ദിനീഷ് എന്നിവര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.