ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം ഒന്നാം സ്ഥാനം( ഗ്രാമപഞ്ചായത്ത് വിഭാഗം- സംസ്ഥാനതലം ) മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ പഞ്ചായത്തില്‍ നിന്നുള്ള ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, ആരോഗ്യപ്രവര്‍ത്തകരും പങ്കെടുത്തു.
നവ കേരള കര്‍മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി ആര്‍ദ്ര കേരളം പുരസ്‌കാരം നല്‍കിവരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സ്വാന്തന പരിചരണ പരിപാടികള്‍, കായകല്‍പ്, മറ്റ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് മുന്‍ഗണനാ പട്ടിക തയാറാക്കുകയും പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുകയും ചെയ്യുന്നത്. ഇതുകൂടാതെ പ്രതിരോധ കുത്തിവയ്പ്പ് വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പാക്കിയ നൂതനമായ ആശയങ്ങള്‍ പൊതുസ്ഥലങ്ങളിലെ മാലിന്യനിര്‍മാര്‍ജനം തുടങ്ങിയവയും പുരസ്‌കാരത്തിന് വേണ്ടി പരിഗണിച്ചു.
2019 ല്‍ ജില്ലാതലത്തില്‍( ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍ ) ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് ആര്‍ദ്ര കേരളം പുരസ്‌കാരം ഒന്നാം സ്ഥാനത്തിന് അര്‍ഹമായിട്ടുണ്ട്. കൂടാതെ കായകല്‍പ് പുരസ്‌കാരം, ദേശീയ ഗുണനിലവാര അംഗീകാരം(എന്‍ക്യുഎസ് ), സംസ്ഥാന സര്‍ക്കാരിന്റെ കേരള അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഫോര്‍ ഹോസ്പിറ്റല്‍സ് പുരസ്‌കാരവും മുന്‍പ് പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിന്റെയും ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളാണ് ഈ പുരസ്‌കാരം നേടാന്‍ സഹായിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ് അറിയിച്ചു.