റേഷന്‍ കടകളിലെത്തി റേഷന്‍ കൈപ്പറ്റാന്‍ സാധിക്കാത്ത ജനവിഭാഗങ്ങള്‍ക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായത്തോടെ റേഷന്‍ അവരുടെ വീടുകളിലേക്ക് നേരിട്ടെത്തിക്കുന്നതിന് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഒപ്പം പദ്ധതിയ്ക്ക് ആലത്തൂര്‍ താലൂക്കില്‍ തുടക്കമായി. റേഷന്‍കടകളില്‍ നേരിട്ടെത്തി വാങ്ങാന്‍ കഴിയാതിരിക്കുന്ന അതിദരിദ്രരായ വാര്‍ധക്യസഹജമായ രോഗികള്‍ക്കും കിടപ്പ് രോഗികള്‍ക്കും സേവനം പ്രയോജനപ്പെടും. അതത് പ്രദേശത്തെ സേവന തത്പരരായ ഓട്ടോ തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തി സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ കാര്‍ഡ് ഉടമകളുടെ വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതാണ് ഒപ്പം പദ്ധതി.

ഗുണഭോക്താക്കളുടെ വീടുകളുടെ ഏറ്റവും അടുത്തുള്ള ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹകരണത്തോടെ സാമ്പത്തിക ബാധ്യത വരാത്ത രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി റേഷന്‍ കടകളില്‍ പ്രത്യേകമായി കാര്‍ഡ് ഉടമകള്‍ക്ക് മാനുവല്‍ രജിസ്റ്റര്‍ സൂക്ഷിക്കും. കാര്‍ഡ് ഉടമകളുടെ കൈപ്പറ്റ് രസീത് മാനുവല്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയാണ് സാധനങ്ങള്‍ നല്‍കുക.

പരിപാടിയുടെ തരൂര്‍ നിയോജകമണ്ഡലതല ഉദ്ഘാടനം കുത്തനൂര്‍ ഗ്രാമ പഞ്ചായത്ത് മില്‍ റോഡ് എ.ആര്‍.ഡി 58 പരിസരത്ത് പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി സഹദേവന്‍ അധ്യക്ഷനായി. വാര്‍ഡംഗങ്ങളായ ശശികല, സുര്‍ജിത്, താലൂക്ക് സപ്ലൈ ഓഫീസര്‍ പി. പ്രശാന്ത്, റേഷനിങ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തേങ്കുറിശ്ശി തില്ലങ്കാട് എ.ആര്‍.ഡി 102 പരിസരത്ത് നടന്ന ആലത്തൂര്‍ നിയോജകമണ്ഡലതല പരിപാടി കെ.ഡി പ്രസേനന്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഭാര്‍ഗ്ഗവന്‍, വൈസ് പ്രസിഡന്റ് സ്വര്‍ണമണി, വാര്‍ഡ് അംഗങ്ങളായ സജീഷ്, ദേവകി, ജഗദാമ്പിക, ശ്രീകുമാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ വിദ്യ തുടങ്ങിയവര്‍ പങ്കെടുത്തു.