ലോക പൈതൃക ദിനാഘോഷത്തിന്റെ ഭാഗമായി എർത്ത് ലോർ ഗോത്രപൈതൃക ശിൽപ്പശാല വേറിട്ട അനുഭവമായി. കാട്ടുനായ്ക്ക ഗോത്രത്തിന്റെ ഭാഷ, പാട്ടുകൾ, കഥകൾ, ഭക്ഷണരീതികൾ എന്നിവ പരിചയപ്പെടാനുള്ള വേദിയായി മാറി ഈസ്റ്റ്ഹിൽ പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിൽ നടന്ന ശിൽപ്പശാല. സംഗീത-നൃത്ത അവതരണങ്ങളും ശിൽപ്പശാലയുടെ ഭാഗമായി നടന്നു.

കാട്ടുനായ്ക്ക ഗോത്രവിഭാഗത്തിന്റെ പൈതൃകമായ രീതികളെയും വ്യത്യസ്ത സംസ്കാരങ്ങളെയും അടുത്തറിയാൻ കൂടി വേണ്ടിയാണ് പൈതൃക ദിനത്തിന്റെ ഭാഗമായി ശിൽപ്പശാല സംഘടിപ്പിച്ചത്. സംസ്ഥാന പുരാവസ്തു വകുപ്പ്, ഈസ്റ്റ്ഹിൽ പഴശ്ശിരാജ പുരാവസ്തു മ്യൂസിയം, ആർക്കൈവൽ ആന്റ് റിസർച്ച് പ്രൊജക്ട് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ശിൽപ്പശാല നടത്തിയത്. പൊതുജനങ്ങൾ ഉൾപ്പടെ നിരവധി ആളുകളാണ് ശിൽപ്പശാലയിൽ എത്തിയത്.

തിരുനെല്ലി കാട്ടിക്കുളം അംബേദ്കർ കോളനിയിലെ വിജയൻ വി, നിധിൻ ജെ.ആർ, വാസു, ഉണ്ണി, കുമാർ, ശ്രീജേഷ്, സുജിത്ത്, രവിൻ സഞ്ജയ്‌, ഗിരിജ, രഘു എം തുടങ്ങിയവരാണ് ഗോത്ര കലകൾ അവതരിപ്പിച്ചത്.

ഡി ഡി സി എം എസ്. മാധവിക്കുട്ടി, പഴശ്ശിരാജ മ്യൂസിയം ഡയറക്ടർ കൃഷ്ണരാജ്, എ ആർ പി ഒ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രുതിൻ ലാൽ, ആർട്ട് ഗ്യാലറി മ്യൂസിയം സൂപ്രണ്ട് പ്രിയരാജൻ തുടങ്ങിയവർ സംസാരിച്ചു.