കുടുംബശ്രീ കൂട്ടായ്മയില്‍ സ്ത്രീശക്തിയുടെ ദീര്‍ഘവീക്ഷണം നമുക്ക് കാണാന്‍ സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഈ കൂട്ടയ്മകള്‍ വിജയത്തിന്റെ പുതു അധ്യായങ്ങള്‍ രചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊടുമണ്‍ കിഴക്ക് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ കുടുംബശ്രീ വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

പൊതുസമ്മേളനത്തില്‍ വാര്‍ഡ് മെമ്പര്‍ എ. വിപിന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ സമ്മാനം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, വാര്‍ഡ് മെമ്പര്‍ എ. വിജയന്‍ നായര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സിജോമോള്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ആര്‍. സോജന്‍, എഡിഎസ് ചെയര്‍പേഴ്‌സണ്‍ ഓമന, എഡിഎസ് സെക്രട്ടറി ജിഷരാജ്,
എഡിഎസ്  വൈസ് ചെയര്‍പേഴ്‌സണ്‍ ലതിക അരവിന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.

വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്ര, കലാപരിപാടികള്‍, പുരസ്‌കാര വിതരണം തുടങ്ങിയവയും നടന്നു. സാംസ്‌കാരിക ഘോഷയാത്ര ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന പ്രഭ ഫ്‌ളാഗ് ഓഫ് ചെയ്തു.