സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ ജില്ലയില്‍ ലഭിച്ചത് 1324 പരാതികള്‍. വൈത്തിരി താലൂക്കില്‍ 561, മാനന്തവാടി 428, സുല്‍ത്താന്‍ ബത്തേരി 335 ഉം പരാതികള്‍ ലഭിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമം, തദ്ദേശ സ്വയം ഭരണ വകുപ്പ്, താലൂക്ക് സംബന്ധമായ വിഷയങ്ങള്‍ എന്നിവയിലാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പരാതികള്‍ തീര്‍പ്പാക്കാന്‍ ജില്ലാതലത്തിലും താലൂക്ക്തലത്തിലും പ്രത്യേകം സെല്‍ പ്രവര്‍ത്തിക്കും.

ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായാണ് അദാലത്ത്. മെയ് 27 ന് വൈത്തിരി, മെയ് 29 ന് സുല്‍ത്താന്‍ ബത്തേരി, മെയ് 30 ന് മാനന്തവാടി താലൂക്കിലുമാണ് അദാലത്ത് നടക്കുന്നത്. മന്ത്രിമാരായ എം.ബി രാജേഷ്, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഉദ്യോഗസ്ഥതലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ മന്ത്രിമാര്‍ തീരുമാനമെടുക്കും.

ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ മേലുളള മറുപടിയും തീരുമാനവും അപേക്ഷകന് സ്വന്തം ലോഗിനിലൂടെ ലഭ്യമാകും. അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിച്ച അപേക്ഷകളുടെ വിവരങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അറിയാം.