ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിർമാണത്തിനും മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുമായി 22.37 ലക്ഷം രൂപ അനുവദിച്ചതായി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. നീണ്ടൂർ, അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ റോഡുകൾക്കും ഏറ്റുമാനൂർ നഗരസഭയിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുമാണ് എം.എൽ.എ ഫണ്ടിൽ നിന്ന് 22,37,464 രൂപ അനുവദിച്ചത്.

നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ കരിക്കുളം സെന്റ് ജോർജ് സ്‌കൂൾ റോഡ് റീടാറിങ്ങിന് ഏഴുലക്ഷം രൂപയും ഒൻപതാം വാർഡിലെ മൃഗാശുപത്രി – വഞ്ചിത്താഴെ റോഡ് റീ ടാറിങ്ങിന് 3,37,000 രൂപയുമാണ് അനുവദിച്ചത്.

അതിരമ്പുഴ പഞ്ചായത്തിലെ പത്താം വാർഡിലെ പീടിയേക്കൽ നാൽപ്പാത്തിമല റോഡ് അരികുകെട്ടി ഓട നിർമ്മിച്ച് സഞ്ചാരയോഗ്യമാക്കുന്നതിനായി ഏഴ് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഏറ്റുമാനൂർ നഗരസഭയിലെ ആറാം വാർഡിൽ ഷട്ടറുകല പിണ്ടിപ്പുഴ ക്ഷേത്രം ജഗ്ഷൻ, പള്ളിമല ആര്യങ്കാല ജംഗ്ഷൻ എന്നിവിടങ്ങളിലാണ് മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുക. ഇതിനായി അഞ്ച് ലക്ഷം രൂപഎം.എൽ.എ ഫണ്ടിൽ നിന്ന് വകയിരുത്തിയിട്ടുണ്ട്.