ഡ്രൈവിംഗ് ലൈസൻസ് ഇനിമുതൽ സ്മാർട്ടായി എളുപ്പത്തിൽ സൂക്ഷിക്കാം. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകളാണ് നിലവിൽ വന്നത്. സീരിയൽ നമ്പർ, യു.വി എംബ്ലംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂ.ആർ കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസൻസിനുള്ളത്.

പുതിയ ലൈസൻസ് അപേക്ഷകരെ കൂടാതെ വിലാസം മാറ്റുന്നതിനും മറ്റും അപേക്ഷിക്കുന്നവർക്കും പുതിയ പിവിസി പെറ്റ് ജി കാർഡ് ആണ് ലഭിക്കുക. മറ്റ് മാറ്റങ്ങൾ ഇല്ലാതെ നിലവിലെ ലൈസൻസ് കാർഡ് രൂപത്തിലാക്കണമെങ്കിൽ സാരഥി സോഫ്‌റ്റ്വെയറിലെ റിപ്ലെയ്‌സ്‌മെന്റ് ഓഫ് ഡിഎൽ സർവീസ് ഉപയോഗിച്ച് മാറ്റാൻ സാധിക്കും. നേരത്തെ ഓരോ മേഖലാ ഓഫീസുകളിൽ നിന്നാണ് ലൈസൻസ് പ്രിന്റ് ചെയ്തു നൽകിയിരുന്നത്. ഇനിമുതൽ പ്രിന്റിങ് കേന്ദ്രീകൃതം ആകും.

എറണാകുളത്താണ് ലൈസൻസ് പിവിസി പെറ്റ് ജി കാർഡ് രൂപത്തിലാക്കുന്നത്. ഇതിനായി എംവിഡി ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നത് കൂടാതെ ഔട്ട്‌സോഴ്‌സ് ചെയ്യും. മോട്ടോർ വാഹന വകുപ്പിന്റെ പ്രധാന ഓഫീസിൽനിന്നും അപേക്ഷകന്റെ ലൈസൻസ് നേരിട്ട് തപാൽ വഴി അയക്കും.

ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. അധികം താമസിയാതെ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാർഡിലേക്ക് മാറ്റും. നിലവാരമുള്ള, സൂക്ഷിക്കാൻ എളുപ്പമുള്ള ലൈസൻസ് കാർഡ് വേണമെന്ന മലയാളികളുടെ ദീർഘനാളത്തെ ആവശ്യമാണ് സഫലമാകുന്നത്.

 

#kerala #smartdrivinglicence