പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി മന്ത്രിമാർ നേരിട്ട് ജനങ്ങളിലേക്ക് എത്തുന്നു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തുകൾ ജില്ലയിൽ മേയ് രണ്ടു മുതൽ എട്ട് വരെ നടക്കും. അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 30ന് രാവിലെ 11 മണിക്ക് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നിർവഹിക്കും.

കോഴിക്കോട് താലൂക്ക് അദാലത്ത് മേയ് രണ്ടിന് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലും താമരശ്ശേരി താലൂക്ക് അദാലത്ത് മെയ് നാലിന് താമരശ്ശേരി ഗവ.യുപി സ്കൂളിലും കൊയിലാണ്ടി താലൂക്ക് അദാലത്ത് മെയ് ആറിന് കൊയിലാണ്ടി ടൗൺഹാളിലും വടകര താലൂക്ക് അദാലത്ത് മെയ് എട്ടിന് വടകര ടൗൺഹാളിലും നടക്കും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് അദാലത്തുകൾ നടക്കുക.

ഉദ്‌ഘാടന ചടങ്ങിൽ മന്ത്രിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ താലൂക്ക്തല അദാലത്തുകൾ നടക്കുന്നത്.

അദാലത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. തുറമുഖം – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, എം. എൽ. എമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.