2022-23 വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ മികവ് പുലര്‍ത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. നൂറ് ശതമാനം ചെലവ് രേഖപ്പെടുത്തിയ ആദ്യ മൂന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഒന്നാമതെത്തി. ബാലുശ്ശേരി, കുറ്റ്യാടി ഗ്രാമപഞ്ചായത്തുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കുള്ള പുരസ്‌കാരം നേടി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കലക്ടര്‍ എ.ഗീത എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

നൂറ് ശതമാനം ചെലവ് രേഖപ്പെടുത്തിയ മറ്റ് എട്ട് ഗ്രാമപഞ്ചായത്തുകളെയും ചടങ്ങിൽ അനുമോദിച്ചു. എസ് സി മേഖലയില്‍ 24 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എസ് ടി മേഖലയില്‍ 16 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നൂറ് ശതമാനം ചെലവ് രേഖപ്പെടുത്തി.

സംസ്ഥാനതലത്തില്‍ ചെലവ് ശതമാനത്തില്‍ ഒന്നാമതെത്തിയ കോഴിക്കോട് കോര്‍പ്പറേഷന്‍, 2021-22 വര്‍ഷത്തില്‍ ആര്‍ദ്രകേരളം ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് ജില്ലാപഞ്ചായത്ത് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. 2021-22 വര്‍ഷത്തില്‍ സ്വരാജ് ട്രോഫി നേടിയ മരുതോങ്കര, ചേമഞ്ചേരി പഞ്ചായത്തുകള്‍ പ്രത്യേക അഭിനന്ദനം നേടി. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.ആര്‍ മായ തുടങ്ങിയവര്‍ പങ്കെടുത്തു.