‘കബനിക്കായ് വയനാട്’ ക്യാമ്പയിനിന്റെ ഭാഗമായി എടവക ഗ്രാമ പഞ്ചായത്തില്‍ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 9 തദ്ദേശ സ്ഥാപങ്ങളിലായി ഇതുവരെ 419 തോടുകളും നിര്‍ച്ചാലുകളുമാണ് മാപ്പത്തോണിലൂടെ കണ്ടെത്തി അടയാളപ്പെടുത്തി പേര് നല്‍കിയിത്. പരിശീലനം ലഭിച്ച നവകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരും ഇന്റേണ്‍ഷിപ്പ് ട്രെയിനികളുമാണ് ജില്ലയിലെ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കൂടാതെ മാനന്തവാടി ഗവ. എഞ്ചിനീയറിംഗ് കോളേജിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളും മാനന്തവാടി ബ്ലോക്കിലെ മാപ്പത്തോണ്‍ ഫീല്‍ഡ് പ്രവര്‍ത്തങ്ങളില്‍ പങ്കാളികളായി. വൈത്തിരി 46, പൊഴുതന 35, കോട്ടത്തറ 35, വെങ്ങപ്പള്ളി 26, തരിയോട് 31, പടിഞ്ഞാറത്തറ 50, പനമരം 66, തൊണ്ടര്‍നാട് 45, വെള്ളമുണ്ട 85 എന്നീ ഗ്രാമ പഞ്ചായത്തുകളിലായി 419 നിര്‍ച്ചലുകളും തോടുകളും അടയാളപ്പെടുത്തി. ഇവയുടെ നിലവിലുള്ള അവസ്ഥയും രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 15 തദ്ദേശ സ്ഥാപനങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എടവക ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജംഷീറ ഷിഹാബ് അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു ക്യാമ്പയിന്‍ വിശദീകരണം നടത്തി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിഹാബ് ആയത്ത്, വാര്‍ഡ് മെമ്പര്‍മാരായ അഹമ്മദ്കുട്ടി ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു. തൊഴിലുറപ്പ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍, നവകേരളം കര്‍മപദ്ധതി ആര്‍.പിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഗ്രാമ പഞ്ചായത്തിലെ തോടുകളും നീര്‍ച്ചാലുകളും കണ്ടെത്തി കേരള ഐ.ടി മിഷന്റെ സാങ്കേതിക സഹായത്തോടെ ഒ.എസ്.എം ട്രാക്കര്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ട്രൈസിംഗ് എടുത്ത് റിസോഴ്‌സ് പേഴ്‌സണ്‍സ് നേരിട്ടെത്തി നീര്‍ച്ചാലുകളുടെ അരികില്‍കൂടി നടന്നാണ് ഇവ ട്രെയിസ് ചെയ്യുന്നത്. ”ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ്” എന്ന ബ്രൗസിംഗ് സംവിധാനത്തിലൂടെ ട്രെയിസ് ചെയ്ത തോടുകള്‍ ‘ആം ചെയര്‍ മാപ്പിംഗ്’ എന്ന സംവിധാനത്തിലൂടെ ഡിജിറ്റലായി വരയ്ക്കുന്നു. ഓരോ തദ്ദേശ സ്ഥാപനത്തിലേയും പ്രധാന തോടുകളും നീര്‍ച്ചാലുകളും ഗ്രിഡുകളായി ഉള്‍പ്പെടുത്തിയ ക്യു.ജി.ഐ.എസ് മാപ്പ് ഐ.ടി മിഷന്‍ ലഭ്യമാക്കി ഓരോ പ്രദേശത്തുമുളള തോടുകള്‍ കണ്ടെത്താന്‍ സഹായകരമാക്കുന്നു. ആംചെയര്‍ മാപ്പിംഗ് ചെയ്ത തോടുകള്‍ ഐ.ടി മിഷന്‍ പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ഇവ പിന്നീട് ആര്‍.പിമാര്‍ ക്ലിയര്‍ ചെയ്യുകയും ചെയ്യും.