എന്റെ കേരളം പ്രദര്‍ശന വിപണന മേള വയനാടിന്റെ ജനകീയ ഉത്സവമാക്കി മാറ്റണമെന്ന് ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 24 മുതല്‍ 30 വരെ കല്‍പറ്റ എസ്.കെ എം ജെ സ്‌കൂളില്‍ നടക്കുന്ന പ്രദര്‍ശന വിപണനമേളയുടെ മന്നൊരുക്കങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദര്‍ശന വിപണന മേള വയനാടിന്റെ ജനകീയ ഉത്സവമാക്കാന്‍ എല്ലാവരുടേയും സഹകരണം വേണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. വൈവിധ്യമാര്‍ന്ന സ്റ്റാളുകള്‍ യുവജനതയ്ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രയോജനപ്രദമാകുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ദിവസങ്ങളിലും ജനപങ്കാളിത്തം ഉറപ്പ് വരുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുക്കണം.പ്രാദേശിക ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും മേളയുടെ ആകര്‍ഷണമാണ്. വിവിധ വകുപ്പുകളിലൂടെയുളള സര്‍ക്കാറിന്റെ ജനകീയ പദ്ധതികള്‍, സേവനങ്ങള്‍ തുടങ്ങിയ എന്റെ കേരളം പ്രദര്‍ശന സ്റ്റാളുകളിലൂടെ ജനങ്ങള്‍ക്ക് തൊട്ടറിയാം. സാംസ്‌ക്കാറിക പരിപാടികള്‍, സെമിനാറുകള്‍ തുടങ്ങിയവ എല്ലാദിവസവും അരങ്ങേറും. നാടിന്റെ കൂട്ടായ പങ്കാളിത്തം ജനകീയ സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തിന് കരുത്തേകുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സംഘാടക സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.