ജൂൺ മാസം അവസാനത്തോടെ കേരളത്തിലെ ആദ്യത്തെ 15 വില്ലേജുകളിൽ എന്റെ ഭൂമി എന്ന പേരിൽ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം നിലവിൽ വരുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ചെലവൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഭൂമി രജിസ്റ്റർ ചെയ്യുന്ന സമയത്ത് തന്നെ ഭൂമിയുടെ പോക്ക് വരവും ലൊക്കേഷനും സ്കെച്ചും അറിയാൻ കഴിയുന്ന വിധത്തിൽ രജിസ്ട്രേഷൻ, റവന്യൂ, സർവേ വകുപ്പിന്റെ പോർട്ടലുകളായ പേളും, റെലീസും, ഇ മാപ്പും ഒത്തുചേർന്നാണ് എന്റെ ഭൂമി എന്ന പേരിൽ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം വരുന്നത്. ജൂൺ മാസത്തിൽ തന്നെ കോഴിക്കോട് തിക്കോടി വില്ലേജിൽ മൂന്ന് പോർട്ടലുകളെയും ബന്ധപ്പെടുത്തുന്ന ഇന്റഗ്രേറ്റഡ് പോർട്ടൽ നിലവിൽ വരുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 94 ലക്ഷം കുടുംബങ്ങളിലെ ഒരു അംഗത്തെയെങ്കിലും വകുപ്പിന്റെ സേവനങ്ങൾ ഡിജിറ്റലായി സ്വീകരിക്കാൻ പര്യാപ്തരാക്കുന്ന തരത്തിൽ റവന്യൂ ഇ സാക്ഷരത നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

വില്ലേജ് ഓഫീസിന് സ്ഥലം വിട്ടു നല്‍കിയ ചാമക്കാലയില്‍ ജയദാസനെ മന്ത്രി ചടങ്ങില്‍ ആദരിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.സർക്കാർ പ്ലാൻഫണ്ട് ഉപയോഗിച്ച് ചെലവൂർ ചാമക്കാലയിലാണ് സ്മാർട്ട് വില്ലേജ് ഓഫീസ്‌ കെട്ടിടം നിർമിച്ചത്. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും കൗൺസിലർ സി.എം ജംഷീറും കെട്ടിടത്തിന് സ്ഥലം കണ്ടെത്താൻ നടത്തിയ പരിശ്രമത്തിനിടയിൽ ജയദാസൻ നൽകിയ നാലുസെന്റിലാണ് വില്ലേജ്‌ ഓഫീസ് നിർമ്മിച്ചത്. ജയദാസൻ അദ്ദേഹത്തിന്റെ പിതാവ് ചാമക്കാലയിൽ കേളു എന്നവരുടെ സ്മരണാർഥമാണ് ഭൂമി നൽകിയത്.

44 ലക്ഷം രൂപ ചെലവിട്ട്‌ ഇരുനില കെട്ടിടവും അഞ്ച്‌ ലക്ഷം രൂപ ചെലവിൽ മതിലും നിർമിച്ചു. വില്ലേജ് ഓഫീസറുടെ ഓഫീസും ജീവനക്കാരുടെ ഇരിപ്പിടങ്ങളും സന്ദർശക മുറിയുമാണ് താഴെ ക്രമീകരിച്ചിരിക്കുന്നത്. മുകളിലെ നിലയിൽ റെക്കോർഡ് റൂമും ഭക്ഷണഹാളുമാണ്. മുറ്റം ഇന്റർലോക്ക് വിരിച്ചിട്ടുണ്ട്. സംസ്ഥാന നിർമിതി കേന്ദ്രമാണ് കെട്ടിടം നിർമിച്ചത്‌.

സംസ്ഥാന നിർമിതി കേന്ദ്രം റീജിയണല്‍ എഞ്ചിനീയര്‍ കെ.എം ശശി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍മാരായ അഡ്വ. സിഎം ജംഷീര്‍, എം.പി ഹമീദ്, സ്മിത വള്ളിശ്ശേരി, സോമന്‍ ഇ.എം, മോഹനന്‍ കെ, എഡിഎം സി മുഹമ്മദ് റഫീഖ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ എ ഗീത സ്വാഗതവും എൽ ആർ തഹസില്‍ദാര്‍ ശ്രീകുമാർ നന്ദിയും പറഞ്ഞു.