ഇലട്രിക്ക് വാഹനങ്ങള്‍ വേഗത്തില്‍ ചാര്‍ജിങ് ചെയ്യുവാനുള്ള സംവിധാനം ഇനി വടകരയിലും. വടകര ദേശീയപാതക്ക് സമീപം കെടിഡിസിയുടെ വടകര ആഹാര്‍ റെസ്റ്റോറന്റില്‍ സ്ഥാപിച്ച വൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷന്റെ ഉദ്ഘാടനം വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. ചടങ്ങില്‍ വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങൾ, അനെര്‍ട്ട്, ഇ.ഇ.എസ്.എൽ എന്നിവ ചേര്‍ന്ന് നടപ്പിലാക്കുന്ന ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് വടകര കെ.ടി.ഡി.സി ആഹാര്‍ റസ്റ്റോറന്റില്‍ ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിച്ചത്.

60 കിലോ വാട്ട്, 22 കിലോ വാട്ട്, ഷാഡമോ എന്നിങ്ങനെ മൂന്ന് ചാര്‍ജിങ് ഗണ്ണുകളാണ് വടകരയില്‍ സ്ഥാപിച്ച ചാര്‍ജിങ് സ്‌റ്റേഷനിലുള്ളത്. ടെസ്‌ല കാറുകളില്‍ ചാര്‍ജ്ജിങ്ങിന് വേണ്ടിയാണ് ഷാഡമോ ഗണ്‍ ഉപയോഗിക്കുക. ഇലട്രിക്ക് വാഹനങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ കൂടി ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന സംവിധാനമാണ് ഷാഡമോയുടെ പ്രത്യേകത. ഇവിടെ നിന്നും ഒരേ സമയം രണ്ടു കാറുകള്‍ക്ക് ചാര്‍ജ് ചെയ്യാനാകും. ഫുള്‍ ചാര്‍ജിങ്ങിനു 30 മുതല്‍ 45 മിനിറ്റ് വരെ സമയമെടുക്കും. ഒരു യൂണിറ്റിന് 13 രൂപയും ജിഎസ്ടിയും നല്‍കണം. പ്ലേ സ്റ്റോറില്‍ ലഭിക്കുന്ന ഇലക്ട്രിഫി എന്ന ആപ്പിലൂടെ പണമടക്കാം. ചാര്‍ജിങ് നിയന്ത്രിക്കുന്നത് ആപ്പ് വഴി ആയതിനാല്‍ ജീവനക്കാരുടെ ആശ്യമില്ല.

പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക, ഇന്ധന വില വര്‍ധനവ് മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് സര്‍ക്കാര്‍ ഈ വെഹിക്കിള്‍ പോളിസി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് 10 സ്റ്റേഷനുകളില്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്. കൂടാതെ അഞ്ച് ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.