കേരളത്തിലെ കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും റവന്യൂ സേവനങ്ങൾ മൊബൈൽ വഴി ലഭ്യമാക്കാൻ കഴിയുന്ന വിധത്തിൽ റവന്യൂ ഇ-സാക്ഷരതയിലേക്ക് കേരളം മുന്നേറുകയാണെന്ന് മന്ത്രി കെ രാജൻ. നികുതി അടക്കാതെ ഒഴിച്ചിട്ട ഭൂമി പരിശോധിച്ച് അർഹതയുള്ളവർക്ക് നികുതി അടയ്ക്കാവുന്ന വിധത്തിൽ റവന്യൂ വകുപ്പ് അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണെന്നു മന്ത്രി പറഞ്ഞു. പൂളക്കോട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പി ടി എ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ എ. ഗീത സ്വാഗതം ആശംസിച്ചു.

റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി നിർമിച്ച പൂളക്കോട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണ ചെലവ് 44 ലക്ഷം രൂപയാണ്. കെട്ടിടത്തിൽ ആധുനിക രീതിയിലുള്ള ഇലക്ട്രോണിക് സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

പഴയ കെട്ടിടം പൊളിച്ചു മാറ്റിയതിന് ശേഷമാണ് പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചത്. കൂടാതെ വില്ലേജ് ഓഫീസറുടെ റൂം, സ്പെഷ്യൽ വില്ലേജ് ഓഫീസറുടെ റൂം, ഓഫീസ് ഏരിയ, കാത്തിരിപ്പു മുറി, സ്റ്റോറേജ് റൂം, പൊതുജനങ്ങൾക്കുള്ള ശൗചാലയം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

നിർമ്മിതി കേന്ദ്രം അസി. പ്രൊജക്റ്റ് മാനേജർ ഡെന്നീസ് മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി പി മാധവൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സുശമ, ജില്ലാ -ബ്ലോക്ക്- ഗ്രാമപഞ്ചായത്ത്- അംഗങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കോഴിക്കോട് തഹസിൽ​​ദാർ എ എം പ്രേംലാൽ നന്ദി പറഞ്ഞു.