പാലക്കാട് ജില്ലയിലെ     മഴക്കെടുതി നേരിട്ട പ്രദേശങ്ങളുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍   ലോകബാങ്ക്,  ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് പ്രതിനിധികളും ജില്ലാ മേധാവികളടങ്ങുന്ന ഉദ്യോഗസ്ഥരും ചേബറില്‍ അവലോകനയോഗം ചേര്‍ന്നു.  കൃഷി ,റോഡ് ,നഗര-ഗ്രാമ പ്രദേശങ്ങളിലെ പശ്ചാത്തലസൗകര്യങ്ങള്‍, കുടിവെള്ളം , അവയുടെ ശുദ്ധത ഉറപ്പു വരുത്താനുളള പരിശോധനാമാര്‍ഗങ്ങള്‍,  വ്യവസായ മേഖലകളിലെ നഷ്ടം,  ജലസേചനം, ശുചിത്വം, ശുചിമുറികള്‍ മത്സ്യബന്ധനം , ടൂറിസം മേഖലകളിലെ നാശനഷ്ട കണക്കുകള്‍ എന്നിവ  10 പേരടങ്ങുന്ന പ്രതിനിധികള്‍ യോഗത്തില്‍ ചോദിച്ചറിഞ്ഞു. വെള്ളപ്പൊക്കം മൂലവും തുടര്‍ന്നുള്ള രോഗബാധയും വന്‍തോതിലുള്ള കൃഷിനാശത്തിന് ഇടയാക്കിയിട്ടുള്ളത് ആയി ജില്ലാ കലക്ടര്‍ പ്രതിനിധികളെ അറിയിച്ചു. കൂടുതലും നെല്‍കൃഷിയെയാണ് മഴക്കെടുതി സാരമായി ബാധിച്ചിട്ടുള്ളതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.    ഏകദേശം 80-90 ശതമാനത്തോളം വിളകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട് എന്ന് ഇന്‍ഷുറന്‍സ് സംബന്ധിച്ച പ്രതിനിധികളുടെ ചോദ്യത്തിന് മറുപടിയായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പറഞ്ഞു. നെല്‍കൃഷി സംബന്ധിച്ച്  നാശനഷ്ടത്തില്‍ ലാഭനഷ്ടം കൂടി കണക്കാക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. ജില്ലയിലെ വ്യവസായ  മേഖലയുടെ പശ്ചാത്തലവും മേഖലയിലുണ്ടായ നഷ്ടങ്ങളും പ്രതിനിധികള്‍ ചോദിച്ചറിഞ്ഞു.
ജില്ലയിലെ തകരാറിലായ വൈദ്യുതിബന്ധം സംബന്ധിച്ചും ട്രാന്‍സ്‌ഫോര്‍മറുകളുടെ നാശനഷ്ടം സംബന്ധിച്ചും പ്രതിനിധികള്‍ പ്രത്യേകം ചോദിച്ചു. ഇവ താല്‍ക്കാലികമായി പുനസ്ഥാപിച്ചെങ്കിലും പുനര്‍നിര്‍മ്മാണത്തില്‍ വേറെ ശൈലി സ്വീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഭൂഗര്‍ഭ കേബിള്‍ വഴിയുള്ള വൈദ്യുതി പുനസ്ഥാപനം ലക്ഷ്യമിടുന്നതായി കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. തകര്‍ന്ന പൊതു-സ്വകാര്യ ശുചിമുറികളുടെ പുനര്‍നിര്‍മാണത്തില്‍ പുതിയശൈലി സ്വീകരിക്കില്ലായെന്ന് ശുചിത്വമിഷന്‍ അറിയിച്ചു. ജില്ലയിലുണ്ടായ മണ്ണിടിച്ചില്‍, തകര്‍ന്ന റോഡുകളുടെ എണ്ണം എന്നിവ സംബന്ധിച്ചും വനത്തിലും വനാന്തര്‍ഭാഗത്തുമുള്ള ആദിവാസി വിഭാഗങ്ങളെ മഴക്കെടുതി ബാധിച്ചിട്ടുണ്ടോ എന്ന് സംഘം യോഗത്തില്‍ ചോദിച്ചു. ഈ  ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തിനു പുറമെ മണ്ണിടിച്ചില്‍ ആണ് കൂടുതലും ബാധിച്ചിരിക്കുന്നതെന്നും  മണ്ണാര്‍ക്കാട് അട്ടപ്പാടി ഭാഗങ്ങളില്‍ റോഡ് ബന്ധം വിച്ഛേദിക്കപ്പെട്ടതും ജില്ലാഭരണകൂടം  സംഘത്തിനു മുന്നില്‍ ചൂണ്ടിക്കാട്ടി. മത്സ്യബന്ധനമേഖലയില്‍ ഏത് തരത്തിലുളള നാശമാണ് സംഭവിച്ചിരിക്കുന്നതെന്ന് പ്രതിനിധികള്‍ യോഗത്തില്‍ ചോദിച്ചു. അതിപ്രളയത്തില്‍ ഒട്ടേറെ മത്സ്യങ്ങള്‍ ഒഴുകി പോയതുള്‍പ്പെടെയുളള നാശനഷ്ടങ്ങള്‍ ഫിഷറീസ് വകുപ്പ് യോഗത്തില്‍ അറിയിച്ചു. വളര്‍ത്തുമൃഗങ്ങളുടെ ഇന്‍ഷുറന്‍സ് സംബന്ധിച്ച വിവരങ്ങളും പ്രതിനിധികള്‍ ചോദിച്ചു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു. വനം-വന്യജീവികളെയും വനാന്തര്‍ഭാഗത്തുളള ആദിവാസി വിഭാഗത്തെയും സാമ്പത്തികപരമായി എത്രത്തോളം മഴക്കെടുതി ബാധിച്ചിട്ടുണ്ട് എന്നുള്ളത് മറ്റ് നാശനഷ്ടകണക്കുകളോടെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.പട്ടികവര്‍ഗ്ഗ വികസനം- വനംവകുപ്പുകള്‍ സംയുക്തമായി ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തുമെന്നും ജില്ലാഭരണകൂടം സംഘത്തെ അറിയിച്ചു. പുറമേ കാണുന്ന നാശനഷ്ടങ്ങള്‍ മാത്രമാണ് ഇപ്പോള്‍  വിലയിരുത്തിയിട്ടുള്ളതെന്നും സംഘം ചോദിച്ച തരത്തിലുള്ള നാശനഷ്ടങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ജില്ലാ പരിശോധന ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിലുണ്ടായ നാശനഷ്ടകണക്കുകള്‍ പവര്‍ പോയന്റായി സംഘത്തിന് മുന്നില്‍ റവന്യു അധികൃതര്‍ അവതരിപ്പിച്ചു. സംഘം ചോദിച്ച കൂടുതല്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയുളള റിപ്പോര്‍ട്ട് ഇന്ന് (സെപ്റ്റംബര്‍ 14) തന്നെ സമര്‍പ്പിക്കും. യോഗത്തില്‍ സബ്കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, എ.ഡി.എം.ടി.വിജയന്‍, ആര്‍.ഡി.ഒ പി.കാവേരിക്കുട്ടി തുടങ്ങിയവരും വകുപ്പ് ജില്ലാ മേധാവികളും പങ്കെടുത്തു.
 വിവിധ മേഖലകളില്‍ വിദഗ്ധരായ 10 അംഗ സംഘം മൂന്ന് സംഘങ്ങളായി പിരിഞ്ഞാണ് ദുരിതബാധിത പ്രദേശങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്താനെത്തുന്നത്.  റോഡുകള്‍, പാലങ്ങള്‍, കുടിവെള്ള സ്രോതസുകള്‍ , കൃഷി, ഉപജീവനം, ടൂറിസം, കാലാവസ്ഥ, നഗര പശ്ചാത്തല സൗകര്യങ്ങള്‍, ഗതാഗതം, ദുരന്തനിവാരണം, കുടിവെളളം, പൊതുശുചിത്വം തുടങ്ങിയ മേഖലകളിലെ വിദഗ്ധരാണ് സംഘത്തിലുള്ളത്.എ.ഡി.എം ടി. വിജയന്‍, ആര്‍.ടി.ഒ പി. കാവേരിക്കുട്ടി, ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്. സംസ്ഥാനമൊട്ടാകെ സന്ദര്‍ശനം നടത്തി പ്രളയക്കെടുതി വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സംഘം പാലക്കാടെത്തുന്നത്.