മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിന് ഈമാസം 17നും 18നും വീടുകളിലെത്തി വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ നടത്തുന്ന ജനകീയ ധനസമാഹരണത്തിന്റെ വിവരങ്ങള്‍ ഓണ്‍ലൈനായി പ്രസിദ്ധപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ദുരിതാശ്വാസനിധി സമാഹരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുതാര്യമായായിരിക്കും ധനസമാഹരണം നടത്തുക. ലഭിക്കുന്ന സംഭാവനയുടെ വിവരം കൃത്യമായി തല്‍സമയം ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തും. സംഭാവന നല്‍കുന്ന ആളിന്റെ ഒപ്പ് രജിസ്റ്ററില്‍ നല്‍കിയ സംഭാവനയ്ക്കു നേരേ രേഖപ്പെടുത്തും. ഇതിനു പുറമേ രജിസ്റ്ററിന്റെ എല്ലാ പേജിലും  വാര്‍ഡ് മെമ്പറുടെയും ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെയും ഒപ്പുകള്‍ രേഖപ്പെടുത്തും.
സംഭാവന നല്‍കുന്ന ആളിന്റെ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ എല്ലാ വിവരവും കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തും. അതതു ദിവസം സമാഹരിച്ച തുക ബന്ധപ്പെട്ട വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും ചേര്‍ന്ന് അന്നു വൈകിട്ടു തന്നെ ചുമതലപ്പെടുത്തിയ ബാങ്ക് അധികൃതര്‍ക്ക് കൈമാറും. ധനസമാഹരണ വിവരം രേഖപ്പെടുത്തുന്നതിന് നല്‍കുന്ന രജിസ്റ്ററിന്റെ ആദ്യ പേജില്‍ കളക്ടറേറ്റില്‍ നിന്നുള്ള സീല്‍ പതിച്ചിരിക്കും. രജിസ്റ്ററിന്റെ മറ്റു പേജുകളില്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിന്റെ സീല്‍ പതിച്ചിരിക്കും. കളക്ടറേറ്റില്‍ പ്രത്യേക രജിസ്റ്ററില്‍ സീരിയല്‍ നമ്പര്‍ രേഖപ്പെടുത്തിയായിരിക്കും വാര്‍ഡ് തലത്തില്‍ ഉപയോഗിക്കുന്നതിനുള്ള രജിസ്റ്ററുകള്‍ നല്‍കുക. ധനസമാഹരണത്തിനു മുന്നോടിയായി 16ന് പ്രത്യേക ഗ്രാമസഭ യോഗം ചേരുന്നതിന് പഞ്ചായത്ത്, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
സഹായധനം പ്രവഹിക്കുന്നു ദുരിതാശ്വാസനിധിയിലേക്ക് സര്‍ക്കാര്‍ വകുപ്പുകള്‍ ആദ്യഘട്ടത്തില്‍ സമാഹരിച്ചത് 1.41 കോടി രൂപ
പ്രളയദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ 18  സര്‍ക്കാര്‍ വകുപ്പുകള്‍ ആദ്യഘട്ടത്തില്‍ സമാഹരിച്ചത് 1,41,04,106 രൂപ.  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ദുരിതാശ്വാസനിധി സമാഹരണ യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ തുക ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്  കൈമാറി. സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട മേഖലകളില്‍ നിന്നാണ് തുക സമാഹരിച്ചത്. ആദ്യഘട്ടത്തില്‍ തന്നെ തുക സമാഹരണത്തില്‍ വന്‍ മുന്നേറ്റമാണ് ജില്ലയില്‍ ഉണ്ടായിട്ടുള്ളത്.
ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചത് തദ്ദേശഭരണ വകുപ്പാണ്, 72.54 ലക്ഷം രൂപ. സഹകരണ വകുപ്പാണ് തുക സമാഹരണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്, 30.65 ലക്ഷം രൂപ. മറ്റുള്ള വകുപ്പുകള്‍- മല്ലപ്പള്ളി താലൂക്ക് ഓഫീസ് 8.53 ലക്ഷം. കോന്നി താലൂക്ക് ഓഫീസ് 5.45 ലക്ഷം. മൈനിംഗ് ആന്‍ഡ് ജിയോളജി 4.9 ലക്ഷം. ജിഎസ്ടി വകുപ്പ് 3.45 ലക്ഷം. ഡ്രഗ്‌സ് കണ്‍ട്രോളര്‍ 3.42 ലക്ഷം. പൊതുമരാമത്ത് നിരത്തു വിഭാഗം 2.55 ലക്ഷം. താലൂക്ക് ഓഫീസ് അടൂര്‍ 2.1 ലക്ഷം. താലൂക്ക് ഓഫീസ് കോഴഞ്ചേരി 2.01 ലക്ഷം. ഭക്ഷ്യസുരക്ഷാ വകുപ്പ് 1.65 ലക്ഷം. തദ്ദേശഭരണ എന്‍ജിനിയറിംഗ് വിഭാഗം 83500 രൂപ. ലീഗല്‍ മെട്രോളജി 70,000 രൂപ. സപ്ലൈകോ റാന്നി ഡിപ്പോ 68,000 രൂപ, പിഡബ്ല്യുഡി കെട്ടിട വിഭാഗം 60,000 രൂപ. റവന്യു ഭൂരേഖാ വിഭാഗം 40,000 രൂപ. സപ്ലൈകോ തിരുവല്ല ഡിപ്പോ 32,000 രൂപ. താലൂക്ക് ഓഫീസ് റാന്നി(ജീവനക്കാരുടെ വിഹിതം) 25,000 രൂപ. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. രണ്ടാംഘട്ടത്തില്‍ എല്ലാ വകുപ്പുകളും ധനസമാഹരണത്തില്‍ വന്‍ മുന്നേറ്റം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും കളക്ടര്‍ പറഞ്ഞു.