മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കൊല്ലം ജില്ലാതല ധനസമാഹാരണ യജ്ഞത്തില്‍ രണ്ടു ദിവസംകൊണ്ട് ലഭിച്ചത് 9.37 കോടി രൂപ. രണ്ടാം ദിവസമായ ഇന്നലെ(സെപ്റ്റംബര്‍ 13)  മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ കൊട്ടാരക്കര, കടയ്ക്കല്‍ മിനി സിവില്‍ സ്റ്റേഷനുകളില്‍ നടത്തിയ കനിവോടെ കൊല്ലം പരിപാടികളില്‍ 3.12 കോടി രൂപ ലഭിച്ചു.
കൊട്ടാരക്കരയില്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ 2,12,12,234 രൂപയും പത്തു സെന്റ് സ്ഥലവുമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. കടയ്ക്കലില്‍ 1,00,58,338 രൂപ സമാഹരിച്ചു. ആദ്യദിനത്തില്‍ കരുനാഗപ്പള്ളി, കുന്നത്തൂര്‍ മേഖലകളില്‍നിന്ന് 6.25 കോടി രൂപ ലഭിച്ചിരുന്നു.

ജില്ലയില്‍ എല്ലാ വിഭാഗം ജനങ്ങളില്‍നിന്നും ധനസമഹാരണത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍നിന്നുള്ള  വിഹിതവും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സമാഹരിച്ച തുകയും വ്യവസായ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ സംഭാവനകളുമൊക്കെ മന്ത്രിക്ക് കൈമാറി.

കൊട്ടാരക്കരയില്‍ നടന്ന ചടങ്ങില്‍ ഐഷാ പോറ്റി എം.എല്‍.എ അധ്യക്ഷയായി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബി. ശ്യാമളയമ്മ, ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍, വൈസ് ചെയര്‍മാന്‍ സി. മുകേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, എ.ഡി.എം. ബി. ശശികുമാര്‍, തഹസില്‍ദാര്‍ ബി. അനില്‍കുമാര്‍, തഹസില്‍ദാര്‍(എല്‍.ആര്‍) പത്മചന്ദ്രക്കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
കടയ്ക്കല്‍ മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുണാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, എ.ഡി.എം. ബി. ശശികുമാര്‍, തഹസില്‍ദാര്‍ ബി. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.