കൊല്ലം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലും അയല്‍ ജില്ലകളായ ആലപ്പുഴയിലും പത്തനംതിട്ടയിലും നിസ്വാര്‍ത്ഥ സേവനമനുഷ്ഠിച്ച കൊല്ലത്തെ വോളണ്ടിയര്‍മാര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം. ചടയമംഗലം ജഡായു എര്‍ത്ത് സെന്ററില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ വോളണ്ടിയര്‍മാര്‍ക്ക് ഉപഹാരവും പ്രശംസാപത്രവും സമ്മാനിച്ചു.

സമാനതകളില്ലാത്ത സേവനമാണ് ജില്ലയിലെ വോളണ്ടിയര്‍മാര്‍ നിര്‍വഹിച്ചതെന്ന് മന്ത്രി പറഞ്ഞു. അവശ്യ സാധനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എത്തിക്കുന്നതിനായി രാപ്പകല്‍ ഭേദമെന്യേ നടത്തിയ പ്രവര്‍ത്തനം ജീവിതത്തിലെ വലിയ പ്രതിസന്ധികളെ അതിജീവിക്കാനുള്ള പ്രചോദനംകൂടിയാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദുരിതാശ്വാസ സാമഗ്രികള്‍ സമാഹരിക്കുന്നതിനും തരംതിരിക്കുന്നതിനും അവശ്യ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനും പ്രവര്‍ത്തിച്ച വിദ്യാര്‍ഥികള്‍, ലോറി ഉടമകള്‍, ബസുകള്‍ വിട്ടു നല്‍കിയ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍, സന്നദ്ധ സേവകര്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.

ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി, ജഡായു എര്‍ത്ത് സെന്റര്‍ ചെയര്‍മാന്‍ രാജീവ് അഞ്ചല്‍, സി.ഇ.ഒ അജിത് ബലരാമന്‍, അസിസ്റ്റന്റ് കളക്ടര്‍ എസ്. ഇലക്കിയ, സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ അസിഫ് അയൂബ് തുടങ്ങിയവര്‍ പങ്കെടുത്തു.