കൊല്ലം: പ്രളയബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മനസ്സറിഞ്ഞ് സഹായം നല്‍കുകയാണ് പൊതുജനം. ജില്ലാതല ധനസമാഹരണ പരിപാടിയായ കനിവോടെ കൊല്ലത്തിന്റെ ഭാഗമായ കൊട്ടാരക്കരയിലെ പ്രാദേശിക സമാഹണയജ്ഞത്തില്‍  ഭൂമിദാനത്തിന്റെ വേറിട്ട മാതൃക തീര്‍ക്കുകയായിരുന്നു രണ്ടു സുമനസ്സുകള്‍.
പവിത്രേശ്വരം നിഷാഭവനില്‍ പി. ഗോപാലകൃഷ്ണപിള്ളയും ചാത്തനല്ലൂര്‍ വീട്ടില്‍ പി. രാധാകൃഷ്ണപിള്ളയുമാണ് ഭൂമി വിട്ടുനല്‍കിയത്. ഇരുവരും സമ്മത പത്രം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനിലെത്തി കൈമാറി.
രണ്ടാളുടേയും കൂട്ടായ ഉടമസ്ഥതയിലുള്ള പത്തു സെന്റ് വസ്തുവാണ് സംഭാവനയായി നല്‍കിയത്. ഈ സ്ഥലം പ്രളയത്തില്‍ എല്ലാം നഷ്ടമായവര്‍ക്ക് വീടൊരുക്കാന്‍ വിനിയോഗിക്കണമെന്ന ആഗ്രഹമാണ് ഇവര്‍ക്കുള്ളത്.
ഓരോരുത്തരും അവരാല്‍ കഴിയുന്ന സംഭാവന ചെയ്യുന്ന ഘട്ടത്തില്‍ ഭൂമി വിട്ടു നല്‍കാന്‍ തയ്യാറായ നല്ലമനസ്സിന് പ്രത്യേക അഭിനന്ദനം അറിയിക്കുന്നതായി സമ്മതപത്രം സ്വീകരിച്ച മന്ത്രി പറഞ്ഞു.