പ്രളയത്തില്‍ വിറങ്ങലിച്ച വയനാടന്‍ ഗോത്രവിഭാഗത്തിനു സഹായഹസ്തവുമായി മുംബൈ മലയാളികളുടെ സ്‌നേഹകൂട്ടായ്മ. മുംബൈയിലെ താനെ ആസ്ഥാനമായ ഗ്രാമം എന്ന പേരില്‍ 2012 രജിസ്റ്റര്‍ ചെയ്ത സംഘടനയാണ് സഹായവുമായെത്തിയത്. മുന്നൂറോളം കുടുംബങ്ങള്‍ സംഘടനയില്‍ അംഗങ്ങളാണ്. കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ഏറെ പേരും. സ്വരുക്കൂട്ടിയ തുക ദുരിതബാധിതരായ വയനാട്ടിലെ അടിസ്ഥാന ജനവിഭാഗമായ ആദിവാസി സമൂഹത്തെ സഹായിക്കാന്‍ മാറ്റിവയ്ക്കുകയായിരുന്നിവര്‍. അസോസിയേഷന്‍ സെക്രട്ടറി ജയദേവ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാനന്തവാടിയിലുണ്ട്. റവന്യൂ, പട്ടികവര്‍ഗ വകുപ്പ് ജീവനക്കാരുടെ സഹകരണത്തോടെ മുന്നൂറ് കിറ്റുകള്‍ വിതരണം ചെയ്തു. വരടിമൂല പണിയ – അടിയ കോളനികളിലെ വിതരണോദ്ഘാടനം മാനന്തവാടി താഹസില്‍ദാര്‍ എന്‍.ഐ. ഷാജു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഷീജ ഫ്രാന്‍സിസ്, എം.ജി. സേവ്യര്‍, പി.സി. സണ്ണി, ഫ്രാന്‍സിസ് ബേബി, സാബു പൊന്നിയില്‍ എന്നിവര്‍ സംസാരിച്ചു. തോല്‍പ്പെട്ടി നെടുന്തന, കക്കേരി, വെള്ളറ, നായ്ക്കട്ടി കോളനികളിലെ വിതരണങ്ങള്‍ക്ക് തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാദേവിയും പട്ടികവര്‍ഗ പ്രമോട്ടര്‍മാരും നേതൃത്വം നല്‍കി. ‘ഗ്രാമം’ അംഗങ്ങളായ ജഗദീഷ് പിള്ള, ജിജേഷ് രാജ്, ഡൊമനിക്, ഷിജോ ജോസ്, സണ്ണി ജേക്കബ്, രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
