വയനാട്: ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികളുടെ ഉന്നമനം ലക്ഷ്യംവച്ച് കുടുംബശ്രീ നടപ്പിലാക്കുന്ന ബ്രിഡ്ജ് കോഴ്‌സ് ക്ലാസുകള്‍ക്കു തുടക്കമായി. പൂതാടി പഞ്ചായത്തിലെ നാലാം വാര്‍ഡ് കോട്ടക്കൊല്ലിയില്‍ പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. പണിയ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് വൈകുന്നേരങ്ങളിലാണ് ക്ലാസ് നടത്തുന്നത്. വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ഇല്ലാതാക്കുക, കൊഴിഞ്ഞു പോക്ക് തടയുക, സാംസ്‌കാരികമായ പുരോഗതി കൈവരിക്കുക എന്നി ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്. ആദിവാസി മേഖലയിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാഭ്യാസ യോഗ്യത ഉള്ള ഇന്‍സ്ട്രക്ടറാണ് ക്ലാസുകള്‍ എടുക്കുന്നത്. ചടങ്ങിന് ജില്ലാ പഞ്ചായത്തംഗം റിയാസ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.ടി മുരളി മുഖ്യപ്രഭാഷണം നടത്തി. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ജി രവി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ബാബു, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ വി. ജയേഷ്, അഭി സി. ശേഖര്‍, എസ്.ടി കോര്‍ഡിനേറ്റര്‍ ഷിബു, ആനിമേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.