കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഒ.പി, അത്യാഹിത ബ്ലോക്കുകൾ ഉദ്ഘാടനം ചെയ്തു

കാത്ത്‌ലാബുകൾ സജ്ജമാക്കിയിട്ടുള്ള 12  ജില്ലകളിലേയും ആശുപത്രികളിൽ ആവശ്യമായ ജീവനക്കാരുടെ തസ്തിക വേഗത്തിൽ സൃഷ്ടിക്കാനുള്ള നീക്കത്തിലാണ് ആരോഗ്യവകുപ്പും സർക്കാരുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പു മന്ത്രി വീണാ ജോർജ്. 15 കോടി രൂപ ചെലവഴിച്ചു പൂർത്തിയാക്കിയ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഒ.പി, അത്യാഹിത ബ്ലോക്കുകളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോർജ്.

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പുതിയ ഒ.പി , അത്യാഹിത വിഭാഗങ്ങൾ പൂർണതോതിൽ പ്രവർത്തനസജ്ജമാക്കുന്നതിനുള്ള സൗകര്യങ്ങൾ ആരോഗ്യ വകുപ്പ് ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. താലൂക്ക് തലം മുതൽ ജനറൽ ആശുപത്രികൾ വരെയുള്ള സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ഡയാലിസിസ് യൂണിറ്റുകൾ ഈ സാമ്പത്തികവർഷം ആരംഭിക്കാനുള്ള ആർദ്രം പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

750 പേരാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത്‌ലാബിന്റെ സേവനത്തിലൂടെ ജീവിതത്തിലേക്കു മടങ്ങിയെത്തിയതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ചു പ്രസംഗിച്ച സർക്കാർ ചീഫ് വിപ്പ് എൻ. ജയരാജ് പറഞ്ഞു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നാലു അസിസ്റ്റന്റ് സർജന്മാരും 12 നഴ്‌സുമാരും അടക്കം കൂടുതൽ പേരെ നിയോഗിക്കണമെന്നും ഡോ. എൻ. ജയരാജ് ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. എൻ ഗിരീഷ് കുമാർ, ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സി. ആർ ശ്രീകുമാർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷാജി പാമ്പൂരി, പി.എം. ജോൺ, ലത ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി. രവീന്ദ്രൻ നായർ, ഗീത എസ്. പിള്ള, ലത ഉണ്ണികൃഷ്ണൻ, മിനി സേതുനാഥ്, വർഗീസ് ജോസഫ്, ശ്രീകല ഹരി, കെ.എസ് ശ്രീജിത്, ഒ.ടി. സൗമ്യ മോൾ, ഗ്രാമപഞ്ചായത്തംഗം ആന്റണി മാർട്ടിൻ ജോസഫ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, ആശുപത്രി സൂപ്രണ്ട് ഡോ. എം. ശാന്തി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. എൻ സുജിത്ത്, രാഷ്ട്രീയ പാർട്ടിപ്രതിനിധികളായ വി. ജി ലാൽ, അഡ്വ. എം.എ ഷാജി, ഷാജി നല്ലേപറമ്പിൽ, ടി.ബി ബിനു തുണ്ടത്തിൽ, കെ. എച്ച്. റസാഖ്, പി.എ താഹ, സി.വി തോമസ്‌കുട്ടി, ടി.എച്ച് റസാഖ്, എസ്. വിപിൻ, ഷമീർ ഷാ, രാജൻ ആരംപുളിയ്ക്കൽ, എച്ച് അബ്ദുൾ അസീസ്, മുണ്ടക്കയം സോമൻ, ജെയിംസ് പതിയിൽ എന്നിവർ പ്രസംഗിച്ചു.