ഒക്കൽ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ‘ഞാറ്റങ്ങാടി 2023’ പ്രദർശന വിപണന മേള എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കർഷകർക്ക് മികച്ചയിനം വിത്തുകൾ ലഭ്യമാക്കാൻ കഴിയണമെന്ന്  എം.എൽ.എ പറഞ്ഞു. ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ വിത്തുൽപാദന കേന്ദ്രങ്ങളുടെ പ്രവർത്തനം മാതൃകാപരമാണ്. ഈ ഫാമുകളിൽ നടന്നു വരുന്ന പ്രവർത്തനങ്ങളും ലഭ്യമാകുന്ന സേവനങ്ങളും പരമാവധി ജനങ്ങളിലേക്ക് എത്തിക്കണം. പൊതുജനങ്ങൾ ഈ സേവനങ്ങളും സൗകര്യങ്ങളും പ്രയോജനപ്പെടുത്തുമ്പോഴേ പ്രവർത്തനങ്ങൾ പൂർണതയിൽ എത്തൂ എന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഫാമുകളിലെ വിത്തുകൾ, തൈകൾ, മറ്റ് ഉൽപന്നങ്ങൾ എന്നിവ യഥാ സമയം കർഷകർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഞാറ്റങ്ങാടി 2023’ പ്രദർശന വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്. കാർഷിക യന്ത്രോപകരണങ്ങളുടെയും കാർഷിക മേഖലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങളുടെയും വിപണനവും പ്രദർശനവും മേളയിൽ ഒരുക്കിയിട്ടുണ്ട്. മണ്ണ് പരിശോധനാ സംവിധാനം, പെറ്റ് ക്ലിനിക്ക്, അഗ്രി ക്ലിനിക്ക് തുടങ്ങിയ സൗകര്യങ്ങളും മേളയിൽ ലഭ്യമാണ്. നാടൻ ഭക്ഷ്യമേളയും വിവിധ കലാപരിപാടികളും ഉൾക്കൊള്ളിച്ചിരിക്കുന്ന മേള നാളെ സമാപിക്കും.

ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റാണിക്കുട്ടി ജോർജ്ജ്, ആശ സനിൽ, ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം ഷിയാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ, മനോജ് മൂത്തേടൻ, എ. എസ് അനിൽകുമാർ, ഷൈമി വർഗീസ്, കെ.കെ ദാനി, കെ.വി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.ജെ ബാബു, വാർഡ് മെമ്പർ അമൃത സജീവ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.