അതി ദരിദ്രരായവര്‍ക്ക് സമ്പൂര്‍ണമായി റേഷന്‍ കാര്‍ഡ് വിതരണം നടത്തുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. അതിദാരിദ്ര നിര്‍മാര്‍ജനം മൈക്രോ പ്ലാന്‍ രൂപികരണത്തിന്റെയും അവകാശം അതിവേഗം പദ്ധതിയുടെയും സംസ്ഥന തല പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങില്‍ അതിദരിദ്രര്‍ക്കുള്ള റേഷന്‍ കാര്‍ഡ് വിതരണം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 3,53,129 പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. റേഷന്‍ കാര്‍ഡുകള്‍ നിഷേധിക്കപ്പെട്ടവര്‍ക്ക് അടക്കം നിബന്ധനകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കൊണ്ട് പുതിയ കാര്‍ഡുകള്‍ നല്‍കി. 3,43,173 കാര്‍ഡുകള്‍ മുന്‍ഗണന കാര്‍ഡുകളായും മാറ്റി. അതി ദരിദ്രര്‍ക്ക് ആധാര്‍ കാര്‍ഡ് ഉറപ്പാക്കി. ദാരിദ്ര അവസ്ഥ മാറ്റി എടുക്കുന്നതിന് ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പു വരുത്തുകയാണ് ഏറ്റവും പ്രധാനം. അതിന് എല്ലാവര്‍ക്കും റേഷന്‍കാര്‍ഡ് ഉറപ്പാക്കണം. ആവശ്യമായ ഭക്ഷ്യ ധ്യാനവും ചികിത്സയും പാര്‍പ്പിടവും ലഭിക്കുന്നതിനായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഉറപ്പുവരുത്തുന്നതിനാണ് സര്‍ക്കാര്‍ പരിശ്രമിച്ചത്. ലൈഫ് പദ്ധതിയില്‍ പ്രത്യേക പരിഗണന കൊടുത്ത് വീട് ഉറപ്പു വരുത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ദാരിദ്ര്യ അവസ്ഥ മാറ്റി എടുക്കുന്നതിനായി എല്ലാവകുപ്പുകളുടെയും മികച്ച പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.