മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള ചരിത്രത്തിലെ ഏറ്റവും പ്രധാനപെട്ട ഇടപെടലാണ് അതി ദാരിദ്ര നിര്‍മാര്‍ജനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് . അതിദാരിദ്ര നിര്‍മാര്‍ജനം മൈക്രോ പ്ലാന്‍ രൂപീകരണത്തിന്റെയും അവകാശം അതിവേഗം പദ്ധതിയുടെയും സംസ്ഥാന തല പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങില്‍ അതിദരിദ്രര്‍ക്കുള്ള ആരോഗ്യ ഉപകരണ വിതരണം
നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

അതിദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ ജില്ലയില്‍ സുസ്ഥിരമായ ഉയര്‍ച്ച ഉണ്ടാകുന്നതിന് ഹ്രസ്വ, ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കും. സര്‍വേ നടത്തി അതിദരിദ്രരായി ജില്ലയില്‍ കണ്ടെത്തിയവര്‍ക്ക് കൈവശവകാശ രേഖകള്‍ നല്‍കി. ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിട്ട് തളര്‍ന്നു പോയവരെ ഉയര്‍ത്തി കൊണ്ടുവരുന്നതിനുള്ള സര്‍ക്കാരിന്റെ വലിയ പരിശ്രമമാണ് അതി ദാരിദ്ര്യ നിര്‍മാര്‍ജനത്തിലൂടെ സാധ്യമാക്കുന്നത്. ഇതിനായുള്ള തദ്ദേശ വകുപ്പിന്റെയും കുടുംബശ്രീയുടെയും ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.