ഭൂരഹിതരായ പട്ടിക വർഗവിഭാഗത്തിൽപ്പെട്ടവർക്ക് ഭൂമിവാങ്ങി നൽകുന്ന ലാൻഡ് ബാങ്ക് പദ്ധതിയിലേക്കുള്ള ആദ്യ ഗുണഭോക്താക്കളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. പട്ടിക വർഗ വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കറുകച്ചാൽ എൻ.എസ്.എസ് സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥി മിലൻ മോൻസിയാണ് നറുക്കെടുപ്പ് നടത്തിയത്. 18 ഗുണഭോക്താക്കളെയാണ് തിരഞ്ഞെടുത്തത്.
പദ്ധതിയ്ക്കായി മീനച്ചിൽ താലൂക്കിൽ മോനിപ്പള്ളി വില്ലേജിൽ വാങ്ങിയ 2.15 ഏക്കർ ഭൂമി 19 തുല്യ ഭാഗങ്ങളാക്കി മാറ്റിയാണ് നൽകുന്നത്. ഒരു ഭാഗം പൊതു ഉപയോഗത്തിനായി മാറ്റിവയ്ക്കും.
ഓരോ ഗുണഭോക്താവിനും 10.5 സെന്റ് വീതം ലഭിക്കും. അപേക്ഷ നൽകിയ പട്ടികവർഗവിഭാഗത്തിൽപ്പെട്ടവരിൽ സ്വന്തമായി ഭൂമിയില്ലാത്ത 129 പേരിൽ നിന്നാണ് 18 പേരെ തിരഞ്ഞെടുത്തത്.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ എൽ.ആർ ഡെപ്യൂട്ടി കളക്ടർ ഫ്രാൻസിസ് ബി. സാവിയോ, കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ കെ.ജി ജോളിക്കുട്ടി, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ആശാ ദേവദാസ്, ജില്ലാ സപ്ലൈ ഓഫീസർ വി.ജയപ്രകാശ്, പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി.അജി, മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി.സി അനൂപ് കുമാർ, അസിസ്റ്റന്റ് പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി തോമസ്, വിദ്യാഭ്യാസ വകുപ്പ് ജൂനിയർ സൂപ്രണ്ട് ചിത്ര മഹാദേവൻ, സബ് ഇൻസ്‌പെക്ടർ വിപിൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.