നൂറ്റാണ്ടുകൾ പഴക്കമുള്ള ചൂണ്ടൽ ഗ്രാമപഞ്ചായത്തിലെ മഴുവഞ്ചേരി തച്ചാട്ടുകുളത്തിന് ശാപമോക്ഷം. ഉപയോഗശ്യൂന്യമായി കിടന്നിരുന്ന കുളം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് നവീകരിച്ച് ചളി വാരി ആഴം കൂട്ടി. സൗന്ദര്യവത്കരണം നടത്തുന്ന പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്.

നഗരസഞ്ചയിക പദ്ധതിയിലുൾപ്പെടുത്തി 50 ലക്ഷം രൂപ വിനിയോഗിച്ചാണ് തച്ചാട്ടുകുളം നവീകരണം നടത്തുന്നത്. ഇതിൽ പഞ്ചായത്ത് ഫണ്ടിൽ നിന്നും 50,000 രൂപ ഉൾപ്പെടുത്തിയിട്ടുണ്ട്. കുളത്തിന്റെ അതിരുകൾ അളന്ന് തിട്ടപ്പെടുത്തി, കരിങ്കൽ ഭിത്തി നിർമ്മിച്ച് മനോഹരമാക്കി. കുളത്തിന്റെ മനോഹാരിത ആസ്വദിക്കാൻ ഇരിപ്പിടം സജ്ജീകരിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്.

പഞ്ചായത്തിലെ വലിയൊരു ജലസ്രോതസുകൂടിയാണ് തച്ചാട്ടുകുളം. കുളത്തിനു സമീപത്തായി തോടും സ്ഥിതി ചെയ്യുന്നുണ്ട്. തച്ചാട്ടുകുളം നവീകരണ പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ പഞ്ചായത്തിലെ കാർഷിക മേഖലയ്ക്ക് ഇത് വലിയ മുതൽക്കൂട്ടാകും. കൂടാതെ കൂടുതൽ സൗന്ദര്യവത്കരണ പ്രവൃത്തികളും നടത്തി കുളത്തിൽ പെഡൽ ബോട്ടിങ്ങ് നടത്താനും പഞ്ചായത്ത് ഉദ്ദേശിക്കുന്നുണ്ട്. പ്രദേശത്ത് ടൂറിസം മേഖലയ്ക്ക് വഴിയൊരുക്കാൻ പദ്ധതി പ്രകാരം സാധിക്കും.

കുളത്തിനോട് ചേർന്ന് നിർമ്മിക്കുന്ന വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണവും പൂർത്തീകരിച്ചു. പഞ്ചായത്ത്, ബ്ലോക്ക്, കോർപ്പറേഷൻ, ശുചിത്വ മിഷൻ, കേന്ദ്ര സർക്കാർ ഫണ്ടുകൾ ഉൾപ്പെടുത്തി 40.50 ലക്ഷം രൂപയാണ് പദ്ധതിയ്ക്ക് വേണ്ടി വിനിയോഗിച്ചത്. ഹൈവെ പ്രദേശത്തിനോട് ചേർന്നാണ് വഴിയോര വിശ്രമ കേന്ദ്രം നിർമ്മിച്ചിട്ടുള്ളത്. തീർത്ഥാടന യാത്രക്കാർക്കും ഹൈവേ യാത്രക്കാർക്കും ആശ്വാസകരമാകാൻ പദ്ധതി വഴി കഴിയും.