വരന്തരപ്പിളളി ഗ്രാമപഞ്ചായത്തിലെ ബൃഹത് ജലസേചന പദ്ധതിയായ തോട്ടുമുഖം ഇറിഗേഷൻ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരണത്തിലേക്ക്. വരന്തരപ്പിള്ളി, അളഗപ്പനഗർ, തൃക്കൂർ, നെന്മണിക്കര, പുതുക്കാട് എന്നീ പഞ്ചായത്തുകളിലേക്ക് കുറുമാലിപുഴയിൽ നിന്നും ജലസേചനം സാധ്യമാകുന്നതിന് ആവിഷ്ക്കരിച്ച പദ്ധതിയാണിത്. ഇതോടെ അഞ്ച്‌ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ സാധാരണ ജനങ്ങളുടെ വലിയൊരു ജീവിതാവശ്യം സാക്ഷാത്കരിക്കപ്പെടുകയാണ്.

അനുമതി ലഭിച്ച് രണ്ട് ദശാബ്ദത്തോടടുക്കുന്ന തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഒട്ടേറെ പ്രതിസന്ധികളെ മറികടന്നു കൊണ്ടാണ് ഒന്നാംഘട്ടം പൂർത്തീകരിക്കുന്നത്. 10.17 കോടി രൂപയുടെ സാങ്കേതികാനുമതിയാണ്‌ നിർദിഷ്ട പദ്ധതിക്കു ലഭിച്ചിരുന്നത്. പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടൽ പ്രവർത്തികൾ കെ കെ രാമചന്ദ്രൻ എംഎൽഎ നേരിട്ടെത്തി വിലയിരുത്തി.

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, ജില്ലാ പഞ്ചായത്ത് അംഗം വിഎസ് പ്രിൻസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ജി അശോകൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.