കുന്ദമംഗലം അഗസ്ത്യൻമുഴി റോഡിൽ നിന്ന് ചെത്തുകടവ് മെഡിക്കൽ കോളജ് റോഡിലേക്ക് പുതിയ അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള റവന്യു വകുപ്പിൻറെ സർവേ നടപടികൾക്ക് തുടക്കമായി. മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് കുന്ദമംഗലം ടൗണിൽ പ്രവേശിക്കാതെ മെഡിക്കൽ കോളജ് ഭാഗത്തേക്ക് കടന്നുപോവുന്നതിന് സൗകര്യപ്രദമാക്കുന്നതാണ് അപ്രോച്ച് റോഡ്. പി.ടി.എ റഹീം എം.എൽ.എ, റവന്യു ഇൻസ്പെക്ടർ പി സൂര്യപ്രഭ, സർവേയർ സി.എം സജിത, ചെയിൻമാൻ വി.പി പ്രീത, കെ.പി വസന്തരാജൻ, എഞ്ചിനീയർ കെ നാസർ, വി സുനിൽകുമാർ തുടങ്ങിയവർ സർവേ നടപടികളിൽ പങ്കെടുത്തു.
അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിന് 20 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. ആകെ ഒരു ഏക്കർ 29 സെൻറ് സ്ഥലമാണ് റോഡ് നിർമ്മാണത്തിന് ആവശ്യമായത്. നേരത്തെ പൊതുമരാമത്ത് റോഡ് വിഭാഗം അംഗീകരിച്ച അലൈൻമെൻറ് പ്രകാരം കല്ലിട്ട സ്ഥലത്തെ ഭൂ ഉടമകളിൽ നിന്ന് വില കൊടുത്താണ് ഭൂമി ഏറ്റെടുക്കുന്നത്.
ഇപ്പോൾ പ്രവൃത്തി അന്തിമ ഘട്ടത്തിലെത്തിയ ചെത്തുകടവ് കുരിക്കത്തൂർ റോഡ് കുന്ദമംഗലം അഗസ്ത്യൻമുഴി റോഡുമായി സന്ധിക്കുന്ന ചെത്തുകടവ് ജംഗ്ഷനിലെ ഇടുങ്ങിയ റോഡ് ഏറെക്കാലമായി ഗതാഗതക്കുരുക്ക്മൂലം പ്രതിസന്ധി സൃഷ്ടിച്ചു വരികയാണ്. അപ്രോച്ച് റോഡ് നിർമ്മിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും.