മന്ത്രിതല യോഗം ചേർന്നു

അവസാന വട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി തൃശൂർ പൂരത്തെ വരവേൽക്കാനൊരുങ്ങി ജില്ല. പഴുതടച്ച സുരക്ഷാ സംവിധാനങ്ങളൊരുക്കി പരമാവധി ജനങ്ങൾക്ക് പൂരം കാണാനുള്ള അവസരം ഒരുക്കുകയാണ് ഭരണകൂടം. പൂരത്തിനായി വിവിധ വകുപ്പുകൾ ഏർപ്പെടുത്തിയ വിപുലമായ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിതലത്തിൽ യോഗം ചേർന്നു.

നിയമപരിധിക്കുള്ളിൽ നിന്ന് പരമാവധി ജനക്കൾക്ക് പൂരം കാണുന്നതിന് അവസരം നൽകുന്നതോടൊപ്പം ജനങ്ങളോട് സൗഹാർദപരമായ സമീപനം പോലീസ് സ്വീകരിക്കണമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർദ്ദേശിച്ചു. ജനങ്ങൾക്കാവശ്യമായ കുടിവെള്ളത്തോടൊപ്പം അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ഫയർഫോഴ്സിനാവശ്യമായ വെള്ളവും ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. പൂരം കാണാനെത്തുന്ന സ്ത്രീകൾക്കും ഭിന്നശേഷി വിഭാഗക്കാർക്കും പോലീസ് പ്രത്യേക സംരക്ഷണം നൽകണമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശിച്ചു.

ക്രമസമാധാനപാലനത്തിന് 4100 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കുമെന്ന് പോലീസ് വകുപ്പ് അറിയിച്ചു. മറ്റു ജില്ലകളിൽനിന്നും ബറ്റാലിയനുകളിൽ നിന്നുമുള്ള പോലീസുകാർ 29ന് എത്തും. പോലീസിനെ മെയ് ഒന്നുവരെ വിന്യസിക്കും. 22 സ്ഥലങ്ങളിലായി ഇവരെ വിന്യസിക്കും. എൻഡിആർഎഫിൽ നിന്ന് 39 സേനാംഗങ്ങളും സേവനത്തിനുണ്ടാകും. സുരക്ഷയ്ക്കാവശ്യമായി സിസി ടിവി ക്യാമറ, പബ്ലിക് മെസേജ് സിസ്റ്റം തുടങ്ങിയവ സജ്ജീകരിക്കും. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ 44 ആംബുലൻസുകളും ഒരുക്കിയിട്ടുണ്ട്. പോലീസ് അനുമതിയോടെ ഇവയ്ക്കുള്ള സ്പോട്ടുകൾ തീരുമാനിക്കും. വെടിക്കെട്ടിനോടനുബന്ധിച്ച് സമീപത്തുള്ള പെട്രോൾ പമ്പുകൾ കാലിയാക്കും.

എട്ട് വാഹനങ്ങളും നാല് ആംബുലൻസുകളും ഉൾപ്പെടെ 36 ഇടങ്ങളിൽ അഗ്നിരക്ഷാ സേനയുടെ സേവനമുണ്ടാകും. സിവിൽ ഡിഫെൻസ് സേനയുടെ 200 വോളന്റിയർമാർ 60 സ്പോട്ടുകളിൽ ഉണ്ടാകും.മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിന് കോർപറേഷനെയും കെഎസ്ഇബിയെയും ചുമതലപ്പെടുത്തി. അപകടാവസ്ഥയിലുള്ള ബോർഡുകൾ എടുത്തുമാറ്റുന്നതിന് അടിയന്തിര നിർദേശം നൽകി. കാലാവസ്ഥ പ്രതികൂലമായാൽ നേരിടാൻ വേണ്ട മുന്നൊരുക്കങ്ങളും ആസൂത്രണം ചെയ്തു.കുടിവെള്ള വിതരണത്തിനായി കോർപറേഷൻ 100 ടാപ്പുകൾ സജ്ജമാക്കും. ഇതിനുപുറമെ മൂന്നിടങ്ങളിൽ സംഭാരവിതരണവുമുണ്ടാകും. 65 ഇ ടോയ്‍ലെറ്റുകൾ സജ്ജമാക്കും. ജോസ് തിയ്യറ്ററിനുസമീപം 28 എണ്ണവും നെഹ്‌റു പാർക്കിന് സമീപം 27 എണ്ണവും പോലീസ് പാർക്കിംഗ് സ്ഥലത്ത് 10 എണ്ണവും ഉണ്ടാകും. ഓരോ സ്ഥലത്തും രണ്ടെണ്ണം ഭിന്നശേഷി സൗഹൃദ ടോയ്‌ലെറ്റാകും. വനിതാ ബാരിക്കേഡിനടുത്ത് 10 ടോയ്‌ലെറ്റുകളുണ്ടാകും. ഇതിനുപുറമെ യൂറിൻ ഷെഡ്ഡുകളും ഉണ്ടാകും.

29ന് ഉച്ചയ്ക്ക് രണ്ടുമണിമുതൽ മെയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിവരെ 48 മണിക്കൂർ മദ്യനിരോധന സമയത്ത് എക്സൈസ് വകുപ്പിന്റെ നാലു സ്‌ക്വാഡുകൾ മുഴുവൻ സമയ പട്രോളിങ് നടത്തും.ഘടകപൂരങ്ങൾ എഴുന്നള്ളേണ്ട കൃത്യമായ സമയക്രമങ്ങൾ അധികൃതരെ അറിയിച്ചിട്ടുള്ളതായി കൊച്ചിൻ ദേവസ്വം ബോർഡ് യോഗത്തെ അറിയിച്ചു. നാട്ടാന പരിപാലന ചട്ടം കൃത്യമായി പാലിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു. ആനകൾക്ക് വേണ്ട വെള്ളം, ചികിത്സ തുടങ്ങിയവ ഉറപ്പാക്കി. ഭക്ഷ്യസുരക്ഷ നടപടികൾ സ്വീകരിച്ചു. പൂരത്തിനുശേഷം നഗരശുചീകരണത്തിന് 300 ജീവനക്കാരെ വിന്യസിക്കുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.

രാമനിലയത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പി ബാലചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം കെ സുദർശൻ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ, സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.