ഇരിങ്ങാലക്കുട നഗരസഭയിലെ തളിയക്കോണം കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചു. 39, 40 വാർഡുകളിലെ കുടിവെള്ളക്ഷാമം നേരിടുന്ന ജനങ്ങൾക്ക് പരിഹാരമാണ് പദ്ധതി. 10.50 ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക.

തളിയക്കോണം സ്റ്റേഡിയത്തിന് പരിസരത്ത് നിലവിലുള്ള കിണറിന് സമീപത്തായി മോട്ടോർ ഷെഡ് നിർമ്മിച്ച് പമ്പ്സെറ്റ് സ്ഥാപിക്കുകയും വാട്ടർടാങ്ക് സ്ഥാപിക്കുന്നതിനുള്ള സ്ട്രക്ചർ നിർമിച്ച് മുകളിൽ ആയിരം ലിറ്ററിന്റെ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. കിണറിൽ നിന്നും ടാങ്കിലേക്ക് ഡിസ്ട്രിബ്യൂഷൻ പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. രണ്ടാംഘട്ടമായി വീടുകളിലേക്ക് കുടിവെള്ള കണക്ഷൻ നൽകുന്നതിനുള്ള നടപടി സ്വീകരിക്കും.

പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിസി ഷിബിൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, മുൻസിപ്പൽ സെക്രട്ടറി കെ എം മുഹമ്മദ് അനസ്, മുൻസിപ്പൽ എൻജിനീയർ സി എസ് ഗീതാകുമാരി, വാർഡ് കൗൺസിലർ ടി കെ ജയാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.