ജില്ലയില്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് കൃത്യമായ പരിശോധനകള്‍ നടത്തി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര നിര്‍ദേശിച്ചു. വേനല്‍ചൂട് ഉയരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ വകുപ്പുകളുടെ നേതൃത്വത്തില്‍ കൃത്യമായ ജാഗ്രത വേണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ജില്ലയില്‍ മഴക്കാലപൂര്‍വ്വ രോഗപ്രതിരോധം, പകര്‍ച്ചവ്യാധി പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലയിലെ വകുപ്പ് മേധാവികളുടെ യോഗത്തിലായിരുന്നു നിര്‍ദേശം.

ജില്ലയില്‍ എലിപ്പനി, ഡെങ്കി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും ശക്തമായ ബോധവത്ക്കരണ പരിപാടികള്‍ നടത്തണം. ജില്ലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കണം. പകര്‍ച്ചവ്യാധികള്‍ക്കെതിരെ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കൃഷിഭവനുകള്‍ മുഖേന കര്‍ഷകരിലേക്ക് ബോധവത്ക്കരണം എത്തിക്കണമെന്നും പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളുടെയും പ്രത്യേക ശ്രദ്ധ അത്യാവശ്യമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

 

ബ്ലോക്ക് തലത്തില്‍ പുകയില നിയന്ത്രണം നിരീക്ഷിക്കാൻ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിക്കാന്‍ ദേശീയ പുകയില നിയന്ത്രണ പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം. പുകയില നിയന്ത്രണ നിയമം 2003 ന്റെ നടപ്പാക്കല്‍, ബോധവത്ക്കരണം, പുകയില ശീലം ഉപേക്ഷിക്കാനുള്ള കൗണ്‍സിലിങ്, ചികിത്സാസഹായം, കുട്ടികളെ പുകയില ഉപയോഗസാധ്യതയില്‍ നിന്നും അകറ്റിനിര്‍ത്തല്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.

ജില്ലയിലെ എല്ലാ പൊതുസ്ഥലങ്ങളും പുകവലി മുക്തം ആണെന്ന് ഉറപ്പ് വരുത്താന്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, മാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പുകവലി മുക്തം എന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുക, കടകളിലും മറ്റും പരിശീലനം, ബോധവത്ക്കരണം, അറിയിപ്പ് എന്നിവ നല്‍കാനും തീരുമാനമായി.

പൊതു സ്ഥലത്തെയും കടകളിലെയും പുകയില പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ആവശ്യമെങ്കില്‍ വ്യാപാരികള്‍, വ്യവസായികള്‍, ഹോട്ടല്‍ ഉടമകള്‍ എന്നിവര്‍ക്ക് ബോധവത്ക്കരണ ശില്‍പശാലകള്‍ സംഘടിപ്പിക്കണം. അനധികൃത പുകയില ഉത്പന്നങ്ങള്‍ ജില്ലയില്‍ എത്തിപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പോലീസിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ പരിശോധനകള്‍ നടത്താനും പുകയില വിമുക്തി ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.

രണ്ട് യോഗങ്ങളിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി. റീത്ത, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശെല്‍വരാജ്, ജില്ലാ സര്‍വൈലന്‍സ് ഓഫീസറും ഡെപ്യൂട്ടി ഡി.എം.ഒയുമായ ഡോ. ഗീതു മരിയ ജോസഫ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ.കെ അനിത, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.വി. റോഷ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.